Asianet News MalayalamAsianet News Malayalam

ഡിആർഐ ജീവനക്കാരെ വധിക്കാൻ ശ്രമിച്ച കേസിൽ കരിപ്പൂർ വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാർ പിടിയിൽ

സ്വർണ്ണക്കടത്ത് സംഘമാണ് ഡിആർഐ ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചത്. രണ്ട് പേർക്ക് ഗുരതരമായ പരിക്കേറ്റു. സംഘത്തിലെ ഒരാൾ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് താത്കാലിക ജീവനക്കാർ പിടിയിലായത്

Murder attempt on DRI officers two temporary staff of Karipur airport in custody
Author
Karipur, First Published Sep 6, 2020, 9:40 PM IST

കോഴിക്കോട്: സ്വർണ്ണക്കടത്ത് തടയാൻ ശ്രമിച്ച ഡിആർഐ വിഭാഗം ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് താത്കാലിക ജീവനക്കാർ പിടിയിൽ.  ശുചീകരണ തൊഴിലാളികളെയാണ് ഡിആർഐ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഹാളിൽ എത്താതെ സ്വർണം പുറത്ത് എത്തിക്കാൻ ഇവർ സഹായിച്ചുവെന്നാണ് നിഗമനം.

സ്വർണ്ണക്കടത്ത് സംഘമാണ് ഡിആർഐ ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചത്. രണ്ട് പേർക്ക് ഗുരതരമായ പരിക്കേറ്റു. സംഘത്തിലെ ഒരാൾ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് താത്കാലിക ജീവനക്കാർ പിടിയിലായത്. വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘമാണ് അക്രമണം നടത്തിയത്. ബൈക്കിലെത്തിയ ഡിആർഐ സംഘം ഇന്നോവ കാറിന് കൈ കാട്ടിയപ്പോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓഫീസർ  ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരിക്കേറ്റു. നജീബിന്‍റെ പരിക്ക് സാരമുള്ളതാണ്. കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. 

ഉദ്യോഗസ്ഥരെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ വഴിയോരത്തെ മരത്തിലിടിച്ചു നിന്നു. കാറിലുണ്ടായിരുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി  കൊടുവള്ളി സ്വദേശി നിസാർ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്തിയത്. ഇത് കസ്റ്റംസ് പരിശോധന മറികടന്ന് കടത്തിയതാണെന്നാണ് സൂചന. വിമാനത്തിന്‍റെ ടോയ് ലെറ്റിൽ ഒളിപ്പിച്ച സ്വർണ്ണം ജീവനക്കാർ വഴി പുറത്തെത്തിച്ചെന്നാണ് വിലയിരുത്തൽ. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡിആർഐ സംഘം കാർ പരിശോധിക്കാൻ ശ്രമിച്ചത്. മലപ്പുറം ഊർങ്ങാട്ടിരി  സ്വദേശി ഷീബയുടെ പേരിലുള്ളതാണ് സ്വർണ്ണം കടത്തിയ KL 16 R 5005 നമ്പറിലുള്ള വാഹനം. എന്നാൽ ഈ വാഹനം താൻ നേരത്തെ വിറ്റതാണെന്നും വധിക്കാൻ ശ്രമിച്ച സംഘവുമായി ബന്ധമില്ലെന്നും ഷീബ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios