കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴി ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയില്‍

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴി ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയില്‍. കൂനമ്മാവിൽ ആഗതിമന്ദിരം നടത്തുന്ന ബ്രദറും കൂട്ടാളികളും ആണ് പിടിയിലായത് . ഗുരുതരമായി പരിക്കേറ്റ അരൂർ സ്വദേശി സുദർശൻ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.കഴിഞ്ഞ മാസം 22 നാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപത്ത് വഴിയരികിൽ സുദർശൻ എന്ന 44 കാരനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. ജനനേന്ദ്രിയത്തിന് ചതവ് സംഭവിക്കുകയും ശരീരത്തിൽ കുത്തേറ്റ പാടും ഉണ്ടായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പത്തു കൊല്ലം മുമ്പ് ആലപ്പുഴ തുറവൂരിൽ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സുദർശനൻ . അതിന്റെ പ്രതികാരം നടപ്പാക്കിയതാണോ എന്ന സംശയം കേസിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു.

താലൂക്ക് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് യഥാർത്ഥ പ്രതികളിലേക്കുള്ള വഴി തുറന്നത് . കഴിഞ്ഞ 18ന് എറണാകുളത്ത് വഴിയാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സുദർശനനെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി കൂനമ്മാവിലെ ഇവാഞ്ചലോ അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. അവിടെയും മാനസിക അസ്വാസ്ഥ്യം കാണിച്ച സുദർശനെ അതിക്രൂരമായി ഇവർ മർദ്ദിച്ചു. സ്ഥിതി ഗുരുതരമാകും എന്ന് കണ്ട് 22 ന് അവരുടെ വാഹനത്തിൽ കൊടുങ്ങല്ലൂർ കൊണ്ടുവന്ന ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഈ വാഹനം പെട്ടതോടെയാണ് അഗതിമന്ദിരം തേടി പോലീസ് എത്തിയത് . അഗതിമന്ദിരം നടത്തിപ്പുകാരൻ ബ്രദർ ഫ്രാൻസിസ് എന്ന 65 കാരനും വളർത്തു മകൻ ആരോമലും ഡ്രൈവർ നിതിനും ആണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുദർശനൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

YouTube video player