കോതമം​ഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ മൃതസംസ്കാരം പൂർത്തിയായി.

എറണാകുളം: കോതമം​ഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ മൃതസംസ്കാരം പൂർത്തിയായി. കോതമം​ഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്കാരം നടത്തി. നാടും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

അതേ സമയം, കുഞ്ഞിനെ അനീഷ കൊല്ലുമെന്ന് കരുതിയില്ലെന്ന് ആയിരുന്നു മുസ്കാന്‍റെ പിതാവ് അജാസ് ഖാന്‍റെ പ്രതികരണം. രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നുവെന്നും കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നുവെന്നും അജാസ് പറഞ്ഞു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നുവെന്നും അജാസ് ഖാൻ പറഞ്ഞു. 

അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്. അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു. അജാസിനു കൊലപാതകത്തിൽ പങ്ക് ഇല്ല എന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. 

Asianet News Live | Shafeeq | Parliament Protest | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്