പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഈ നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ (UDF) തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ (Rahul Gandhi MP) പൊതുപരിപാടി മുസ്ലീം ലീഗ് (Muslim League) ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല.
കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത രൂക്ഷമായിട്ടും ഇത് പരിഹരിക്കാന്‍ ജില്ലാനേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൂടിയായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം. പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഈ നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറല്‍ സെക്രട്ടറി കെ.എം. ഫൈസല്‍ എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.
ഭിന്നത പരിഹരിക്കാന്‍ യു.ഡി.എഫ് ജില്ല-മണ്ഡലം നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ പൊതുപരിപാടികള്‍ ഉള്‍പ്പടെ കോണ്‍ഗ്രസുമായി പഞ്ചായത്തില്‍ ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന തീരുമാനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് മുസ്ലീംലീഗ് നേതാക്കളുടെ തീരുമാനം. അതിനിടെ കണിയാമ്പറ്റ, പനമരം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കര - അരിഞ്ചേര്‍മല - ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി രാഹുല്‍ഗാന്ധി നിര്‍വഹിച്ചു.
കണിയാമ്പറ്റ പഞ്ചായത്തിലെ 14, പനമരം പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലൂടെ കടന്നുപോവുന്ന റോഡ് പാടെ തകര്‍ന്നും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും ശോച്യാവസ്ഥയിലായത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വിനയായിരുന്നു. 6.300 കി.മീറ്റര്‍ വിസ്താരമുള്ള റോഡില്‍ കാല്‍ നടയാത്ര പോലും ദു:സ്സഹമായ അവസ്ഥയിലായിരുന്നു. പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി 3.94 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.
നൂല്‍പ്പുഴയിലെ കടുവ രണ്ടാമത്തെ പശുവിനെയും ആക്രമിച്ചു; ക്യാമറയുമായി പിന്നാലെ വനംവകുപ്പ്
സുല്‍ത്താന്‍ബത്തേരി: വെറും അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം നൂല്‍പ്പുഴ പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോടാണ് പുതിയതായി കടുവയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൊട്ടനോട് മധുവിന്റെ ആറ് വയസോളം പ്രായം വരുന്ന പശുവാണ് ആക്രമണത്തിനിരയായത്.
കടുവയുടെ മുന്‍കാല്‍ കൊണ്ടുള്ള അടിയില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നുപോയതായി പഞ്ചായത്തംഗം സണ്ണി പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശു ഉച്ചത്തില്‍ കരഞ്ഞതോടെയാണ് ഉടമസ്ഥനായ മധു കാര്യമറിയുന്നത്. എന്നാല്‍ പശുക്കള്‍ക്ക് സമീപം എത്തുന്നതിന് മുമ്പേ തന്നെ കടുവ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് രാത്രിയോടെ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നാം തീയ്യതി 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏറളോട്ടുകുന്നിലും സമീപത്തും എത്തിയ കടുവയാണോ കൊട്ടനോടും വന്നതെന്ന കാര്യം ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ നോക്കി മാത്രമെ പറയാനാകൂവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കടുവയെത്തിയ സ്ഥലത്ത് നിന്ന് തെല്ല് മാറി കൊട്ടനോട് കുറുമ കോളനി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ആവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
അതേ സമയം നായ്‌ക്കെട്ടി ഇല്ലിച്ചോടും പരിസരങ്ങളിലും സ്ഥിരമായി എത്തിയിരുന്ന കടുവ ഈ ഭാഗത്ത് കൂട് സ്ഥാപിച്ചതോടെ ഇവിടെ നിന്നും അപ്രത്യക്ഷമായതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നാട്ടിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ശീലമാകുന്ന കടുവകള്‍ ഉള്‍ക്കാട്ടിലേക്ക് പോകാന്‍ സാധ്യതയില്ലെന്നും ജനവാസ പ്രദേശങ്ങള്‍ക്ക് സമീപം നിലയുറപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയാകുന്നതോടെ കാപ്പിത്തോട്ടങ്ങളിലേക്കും കുറ്റിക്കാടുകളിലേക്കും ചേക്കേറുന്ന ഇവ ഇവിടെ നിന്നെത്തിയാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
