മുതിര്‍ന്ന നേതാക്കളുടെ വാക് പോര്  പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍  ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷന്‍റെ  ഇടപെടല്‍.

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കള്‍ക്ക് താക്കീതുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നേതാക്കള്‍ പുറത്ത് നിലപാട് പറയുമ്പോള്‍ ഏക സ്വരത്തിലാകണമെന്ന് തങ്ങള്‍ പറഞ്ഞു. അണികള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റു മുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത നിലപാട് പിന്നീട് എം.കെ.മുനീര്‍ തിരുത്തിയെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്‍റെ പരാമര്‍ശത്തില്‍ തുടങ്ങിയതാണ് ലീഗ് അണികള്‍ക്കിടയിലെ പോര്. കേന്ദ്രത്തിന്‍റെ നടപടി തെറ്റാണെന്നും ഏകപക്ഷീയമാണെന്നുമായിരുന്നു സലാമിന്‍റെ വാക്കുകള്‍. സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടിയില്‍ മുനീറിനെ വേദിയിലിരുത്തി തന്‍റെ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. 

മുതിര്‍ന്ന നേതാക്കളുടെ വാക് പോര് പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷന്‍റെ ഇടപെടല്‍. പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാട് നേതാക്കള്‍ സ്വീകരിക്കരുതെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനിടെ തങ്ങള്‍ ആവശ്യപ്പെട്ടു. 

ഇ.ടി മുഹമ്മദ്ബഷീര്‍ അധ്യക്ഷനായ ഉപസമിതിയുടെ ഭരണ ഘടനാ ഭേദഗതിക്കുള്ള നിര്‍ദേശത്തിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച് 21 അംഗ സെക്രട്ടറിയേറ്റും അഞ്ചംഗ അച്ചടക്ക സമിതിക്കും രൂപം നല്‍കും. ഒരാള്‍ക്ക് ഒരു പദവിക്ക് പുറമേ യൂണിറ്റ്തലം മുതല്‍ സഹഭാരവാഹികളുടെ എണ്ണം നിജപ്പെടുത്താനും യോഗം തീരുമാനിച്ചു. നവംബറില്‍ സിപിഎം മാതൃകയില്‍ ശാഖാ തലം മുതല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. അടുത്ത മാര്‍ച്ചോടെ പുതിയ സംസ്ഥാന കമ്മറ്റിയെ തെരെഞ്ഞെടുക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.