Asianet News MalayalamAsianet News Malayalam

Muslim league : ഹരിത നേതാക്കളെ പിന്തുണച്ച എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ മുസ്ലിംലീഗ് പുറത്താക്കി

പരാതിയുന്നയിച്ച ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്നും ഷൈജലിനെ നീക്കിയത്

muslim league expelled msf leader pp shaijal
Author
Wayanad, First Published Dec 3, 2021, 10:28 AM IST

വയനാട്: മുസ്ലിംലീഗ് (muslim league ) നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച എംഎഎസ്എഫ് ( msf ) മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി പി ഷൈജലിനെ ( pp shaijal) പുറത്താക്കി. ഹരിതാ നേതാക്കളെ പിന്തുണച്ച ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തത്.

പരാതിയുന്നയിച്ച ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്നും ഷൈജലിനെ നീക്കിയത്. ഇതിന് പിന്നാലെ ജില്ലാ നേതാക്കൾക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണവും കൽപറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.സിദ്ദിഖിനെ തോൽപ്പിക്കാൻ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചെന്ന ആരോപണവും ഷൈജൽ ഉയർത്തിയിരുന്നു. 

കോടിക്കണക്കിന് രൂപയുടെ പ്രളയഫണ്ട് തട്ടിപ്പാണ് ലീഗ് നേതാക്കൾക്കെതിരെ ഉയർത്തിയത്. പ്രളയഫണ്ടുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത പണം ലീഗ് നേതൃത്വം വകമാറ്റിയെന്നും ഒരു കോടിയിലധികം രൂപ പ്രളയപുനരധിവാസത്തിനായി പിരിച്ചെങ്കിലും ഒരു വീട് പോലും നിർമിച്ച് നൽകിയില്ലെന്നുമാണ് ഷൈജലിന്റെ ആരോപണം. 

കൽപറ്റിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.സിദ്ദിഖിനെ തോൽപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലർ ശ്രമിച്ചെന്ന ഷൈജലിന്റെ ആരോപണവും ലീഗിന് തലവേദനയായിരുന്നു. ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തിൽ ഒരുവിഭാഗം രഹസ്യയോഗം ചേർന്ന് തനിക്കുൾപ്പടെ പണം വാഗ്ദാനം ചെയ്തുവെന്നും ജില്ലയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. യുഡിഎഫ് കേന്ദ്രങ്ങളായ മുപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിൽ കനത്ത വോട്ടുചോർച്ച ഉണ്ടായത് ഇതുകൊണ്ടെന്നാണ് ഷൈജൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാർട്ടി ഷൈജലിനെ പുറത്താക്കിയത്. 

Follow Us:
Download App:
  • android
  • ios