വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് ലീഗ് നേതൃത്വം. സാദിഖലി ശിഹാബ് തങ്ങൾ അഭിനന്ദനം അറിയിച്ചപ്പോൾ, പാർട്ടിയാണ് വലുതെന്നും തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ പ്രതികരണവുമായി ലീഗ് നേതൃത്വം. വിഡി സതീശന് അഭിന്ദനങ്ങൾ നേരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ലീഗിന്റെ അഭിപ്രായം അറിയാനായി ഇന്നും ഖർഗെ വിളിച്ചിരുന്നുവെന്നും തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും ലീഗ് പ്രതികരിച്ചു. ഇനി 5 വർഷം യു ഡിഎഫിന്റെ ഭരണമാണ് ജനവിധി മാനിച്ചു കൊണ്ടുള്ള തീരുമാനമാണ് ഇതെന്നും അവർ പറഞ്ഞു.


അതേ സമയം, വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


