കോഴിക്കോട്: രാജ്യത്തെ സാമ്പത്തിക തകർച്ച മൂടിവയ്ക്കാൻ കേന്ദ്ര സർക്കാർ വർഗ്ഗീയത ഉപയോഗിക്കുകയാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. മോദി സ്തുതി കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യമാണെന്നും മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ മതേതര മുന്നണികളുടെ ഭാഗമായി ലീഗ്  പ്രവര്‍ത്തിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. "ഭയരഹിത ഇന്ത്യ, ഇന്ത്യ എല്ലാവർക്കും " എന്ന പേരിലുള്ള പ്രചാരണം ലീഗിന്‍റെ നേതൃത്വത്തില്‍ നടത്തും. രാജ്യം കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രചാരണമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. 

കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ സ്തുതിക്കുമെന്ന് കരുതുന്നില്ല. ശശി തരൂരിന്‍റെ പരാമര്‍ശം കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യമായതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.