Asianet News MalayalamAsianet News Malayalam

'ഗോഡ്‍സയെ വെള്ളപൂശുന്ന ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല; കെ സുധാകരനെതിരെ തുറന്നടിച്ച് മുസ്ലിം ലീഗ് നേതാവ്

കുട്ടിയായിരിക്കുമ്പോൾ ആർ.എസ്.എസ്.ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്.ആർ.പി.യുടെ പാർട്ടിയായ സി.പി.എമ്മും നേതാക്കളും ഈ കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരേണ്ടതുമില്ല

muslim league leader abdul kareem cheleri against k sudhakaran
Author
First Published Nov 14, 2022, 9:26 PM IST

കണ്ണൂർ: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആർ എസ് എസ് പ്രസ്താവനകൾക്കെതിരെ തുറന്നടിച്ച് മുസ്ലീം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി രംഗത്ത്. അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ സുധാകരൻ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ആശങ്കയും സംശയങ്ങളും ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുധാകരൻ വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോകുന്നത് ദൗർഭാഗ്യകരമാണെന്നും രാഷ്ട്രീയ ശത്രുക്കൾക്ക് തന്നെയും പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാൻ വടി കൊടുക്കുന്നത് നല്ലതല്ലെന്നും അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‍സയെ വെള്ളപൂശുന്ന ആർ എസ് എസിനെ സംരക്ഷിക്കേണ്ട ബാധ്യത ഭാരതത്തിലെ പൗരൻമാർക്കില്ല. നെഹ്റുവിനെ കൂട്ടുപിടിച്ച് വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ലെന്നും അബ്ദുൽ കരീം ചേലേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അബ്ദുൽ കരീം ചേലേരിയുടെ കുറിപ്പ്

പരിണിത പ്രജ്ഞനും മുൻ മന്ത്രിയും പാർലിമെന്റംഗവും കെ.പി.സി.സി. പ്രസിഡണ്ടുമായ ബഹു.കെ.സുധാകരൻ, വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോകുന്നത് ദൗർഭാഗ്യകരമാണ്. ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ സി.എം.പി. സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ സംഘടനാ കെ.എസ്.യു. പ്രവർത്തകനായിരിക്കെ, ആർ.എസ്.എസ്.ശാഖയ്ക്ക്, സി.പി.എം. കാരിൽ നിന്ന് സംരക്ഷണം നൽകാൻ ആളെ അയച്ചത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിലും ആർഎസ്എസ് ശാഖക്ക് സംരക്ഷണം നൽകിയതിനെക്കുറിച്ചായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. എന്നാൽ ഇന്ന് വീണ്ടും കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പോലും വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല, ബഹു.കെ.പി.സി.സി. പ്രസിഡണ്ട്. രാഷ്ട്രീയ ശത്രുക്കൾക്ക്, തന്നെയും പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാൻ വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല. ശിശുദിനത്തിൽ, ചാച്ചാജിയെ അനുസ്മരിക്കാൻ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമർശനങ്ങളുടെ സാംഗത്യമെന്താണ്? ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയെ വെള്ളപൂശുന്ന ആർ.എസ്.എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാദ്ധ്യതയൊന്നും ഭാരതത്തിലെ പൗരൻമാർക്കില്ല. നെഹ്റുവിനെ കൂട്ടുപിടിച്ച് വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ല. കുട്ടിയായിരിക്കുമ്പോൾ ആർ.എസ്.എസ്.ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്.ആർ.പി.യുടെ പാർട്ടിയായ സി.പി.എമ്മും നേതാക്കളും ഈ കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരേണ്ടതുമില്ല.

'ആർഎസ്എസിനെതിരെ നെഹ്റു മുഖ്യമന്ത്രിമാർക്കെഴുതിയ കത്ത് അറിയുമോ? സുധാകരൻ കോൺഗ്രസിന്‍റെ അധഃപതനത്തിന്‍റെ പ്രതീകം'

അതേസമയം നെഹ്റു ആർ എസ് എസ് പരാമർശത്തിൽ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സുധാകരനെതിരെ രംഗത്തുവന്നു. നെഹ്‌റുവിനെ ചാരി കെ സുധാകരൻ തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ പി സി സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ ആർ എസ് എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് സുധാകരൻ കാണുന്നതെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിനെ ബി ജെ പിയാക്കി മാറ്റാൻ ആണ് സുധാകരന്‍റെ ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു. യു ഡി എഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സി പി എം ആവശ്യപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios