മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും ബിജെപിയിൽ ചേര്‍ന്നു.

കോഴിക്കോട്: ന്യൂന പക്ഷവിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയില്‍ ചേര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം, മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സയ്യിദ് താഹ ബാഫഖി തങ്ങള്‍ എന്നിവരടക്കം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള 23 പേര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. 

ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വിവിധ മേഖലകളില്‍ ശ്രദ്ധേയരായ 23 പേര്‍ക്ക് ബിജെപി കോഴിക്കോട്ട് സ്വീകരണമൊരുക്കിയത്. ഡോ. അബ്ദുള്‍ സലാം, സയ്യിദ് താഹ ബാഫഖി തങ്ങള്‍ എന്നിവര്‍ക്കൊപ്പം മുന്‍ സേവാദള്‍ നേതാവ് മുഹമ്മദ് ഷിയാസ്, ആം ആദ്മി പാര്‍ട്ടി നേതാവ് ഷെയ്ഖ് ഷാഹിദ് തുടങ്ങി വിവിധ സംഘടനകളിലും പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിരുന്നവര്‍ ബിജേപിയില്‍ അംഗത്വമെടുത്തു.

കണ്ണൂര്‍ സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ. ടി കെ ഉമ്മറും ബിജെപിയില്‍ അംഗത്വമെടുക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും പരിപാടിയില്‍ എത്തിയില്ല. സംസ്ഥാനത്ത് ബിജെപി അംഗസംഖ്യ 60 ശതമാനം വര്‍ദ്ധിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള അവകാശപ്പെട്ടു.