കാസർകോട്/മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയുടേയും ജ്വല്ലറി എംഡി ടി.കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ പൊലീസ് റെയ്ഡ്.  ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകൾ പൂക്കോയ തങ്ങളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും ഇയാൾ ഒളിവിൽ പോയെന്നും പൊലീസ് പറഞ്ഞു. അതേസമയം തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീനോട്  പാണക്കാട് എത്തി  വിശദീകരണം നൽകാൻ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎയുടെ പടന്നയിലെ വീട്ടിലും എംഡി പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് ചന്ദേര സിഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. നിക്ഷേപകരുടെ പരാതിയിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ 12 വ‍‌‌ഞ്ചന കേസുകളാണ് ചന്ദേര പൊലീസ് സ്റ്റേഷനിലുള്ളത്. 

ഈ കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായി രേഖകൾ ശേഖരിക്കുന്നതിനാണ് റെയ്ഡെന്നാണ് വിവരം.  ഇരുവരും വീടുകളിൽ ഉണ്ടായിരുന്നില്ല. ലക്ഷങ്ങൾ നിക്ഷേപമായി നൽകിയ ലീഗ് പ്രവർത്തകരടക്കം 19 പേരാണ് ഇതിനകം പൊലീസിൽ പരാതി നൽകിയത്. 

അതേസമയം വ്യാഴാഴ്ച്ച പാണക്കാട് നേരിട്ട്  എത്തി വിശദീകരണം നൽകാൻ ലീഗ് സംസ്ഥാന നേതൃത്വം എംസി കമറുദ്ദീന് നിർദ്ദേശം നൽകി. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഖമറുദ്ദീൻ്റെ വിശദീകരണം കേട്ട ശേഷം തുടർനടപടികളെന്ന് നേതാക്കൾ പറയുന്നത്  പാർട്ടി അദ്ദേഹത്തെ കൈവിടുമെന്ന സൂചന തന്നെയാണ്.