കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ വിവാദം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം മാറ്റിവച്ചു. പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് യോഗം മാറ്റിവച്ചത്.

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്നതടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചിരുന്നത്. കേസിൽ ആരോപണ വിധേയരായ, ഇബ്രാഹിം കുഞ്ഞിന്റെ മകനും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ ഇവി അബ്ദുൾ ഗഫൂറിനെയും, വൈസ് പ്രസിഡന്റ് എം അബ്ബാസിനെയും യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതോടെ ഇരുവരും സംസ്ഥാന കമ്മിറ്റിയെ സമീപിച്ചു. ഇവരുടെ ഇടപെടലിനെ തുടർന്നാണ് യോഗം മാറ്റിവച്ചത്. സംസ്ഥാന നിരീക്ഷകന്റെ സാനിധ്യത്തിൽ പിന്നീട് യോഗം ചേരുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. കേസിൽ ആരോപണ വിധേയരായ അബ്ദുൾ ഗഫൂറിനും അബ്ബാസിനും എതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നേരത്തെ പരാതി നൽകിയിരുന്നു.