മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താനകൾ സിപിഎം നിരന്തരം നടത്തുന്നത് യാദൃശ്ചികമായല്ല
കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രത്തിൽ കോൺഗ്രസിനെതിരെ വിമർശനം. ഹിമാചൽ ഫലം കേരള നേതൃത്വം വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. അടിത്തട്ടിലെ കെട്ടുറപ്പ് പ്രധാനമാണ്. പരസ്പരം പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുമെന്ന് ഗുജറാത്ത് വ്യക്തമാക്കുന്നതായും ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന്റെ പ്രശ്നമെന്നും വിമർശിക്കുന്നു.

ഹിമാചൽ ഗുജറാത്ത് ഫലങ്ങൾ വിലയിരുത്തി ചന്ദ്രിക പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. അടിത്തട്ടിലെ കെട്ടുറപ്പ് കാരണമാണ് ഹിമാചലിൽ വിജയിച്ചത്. ഗുജറാത്തിൽ പരസ്പരം വെട്ടി നിരത്തലും മറ്റും വിനയായി. പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും പരസ്പരം പഴി ചാരി വെട്ടി നിരത്തി മുന്നോട്ട് പോയാൽ പാർട്ടി ദുർബലമാകും, ജനത്തിൽ നിന്ന് അകലും. ഇതൊക്കെ കേരളത്തിലെ കോൺഗ്രസുകാർ വിലയിരുത്തണം.
പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന്റെ ദുരന്തത്തിന് കാരണമെന്നും ലേഖനം പറയുന്നു. ലീഗ് - സിപിഎം സഖ്യസാധ്യത പ്രചരിക്കുന്നതിനിടെ ലീഗ് പത്രത്തിൽ ഇത്തരമൊരു നിലപാട് വന്നത് യാദൃശ്ചികമല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ എൽഡിഎഫിലെ പ്രധാന ഘടകക്ഷിയായ സിപിഐയുടെ പ്രമുഖ നേതാവ് ബിനോയ് വിശ്വം, എം വി ഗോവിന്ദൻ നൽകിയത് പോലെ ലീഗിന് ക്ലീൻ ചിറ്റ് നൽകുന്നില്ല. വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ അവർ കാണിച്ചിട്ടുണ്ടെന്ന് ബിനോയ് വിശ്വം പറയുന്നു. എം വി ഗോവിന്ദന്റ ലീഗനുകൂല പ്രസ്താവന രണ്ട് മുന്നണികളിലും തർക്കവിഷയമായി തുടരുകയണെന്ന് വേണം വിലയിരുത്താൻ.
മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താനകൾ സിപിഎം നിരന്തരം നടത്തുന്നത് യാദൃശ്ചികമായല്ല. മോദി സ്തുതികളിൽ തൂക്കിവിൽക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന നിലയിൽ മാധ്യമ വിമർശനമാണ് തലക്കെട്ടിൽ. എന്നാൽ ഉള്ളടക്കം സ്വന്തം മുന്നണിയെ നയിക്കുന്ന പ്രധാന പാർട്ടിക്കെതിരെയുള്ള വിമർശനമാണ്.
സമകാലിക കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടുകളെ പരോക്ഷമായി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ലേഖനം എഴുതിയ നിസാർ ഒളവണ്ണ ലീഗ് അനുഭാവിയും മുജാഹിദിന്റെ നേതാവുമാണ്. കോൺഗ്രസിന്റെ അടിത്തട്ടിൽ ഐക്യമില്ലെന്നാണ് ലേഖനം അടിവരയിട്ട് പറയുന്നത്. വളരെ ശക്തമായി ഉയർത്തിയിരിക്കുന്ന വിമർശനങ്ങൾ ഇങ്ങനെ പോയാൽ രക്ഷപ്പെടില്ലെന്ന കോൺഗ്രസിനുള്ള മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ് കൂടിയായി വിലയിരുത്താം.
