ചെറിയ പെരുന്നാൾ ദിനത്തിൽ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പലസ്തീൻ ജനതക്ക് 'ഐക്യദാർഢ്യം' ചടങ്ങ് സംഘടിപ്പിച്ചത് 

മലപ്പുറം: സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന് മുസ്സീം ലീഗ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കൾ പ്ലക്കാഡുമായാണ് പലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്. ചെറിയ പെരുന്നാൾ ദിനത്തിൽ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പലസ്തീൻ ജനതക്ക് 'ഐക്യദാർഢ്യം' ചടങ്ങ് സംഘടിപ്പിച്ചത്. 

പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ നിലപാടിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീംലീഗിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വീടുകളില്‍ പ്രവര്‍ത്തകര്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കുചേരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച് പോരുന്ന പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു, ഇത് രാജ്യത്തിന്‍റെ പരമ്പരാഗത നിലപാടിന് എതിരാണെന്നും ഇത്തരം തെറ്റായ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona