കോഴിക്കോട്: ലോക് താന്ത്രിക് ജനദാതൾ തിരിച്ചെത്തിയെങ്കിലും കോഴിക്കോട്ടും വയനാട്ടിലും കാര്യമായ നേട്ടമുണ്ടാക്കാൻ എൽഡിഎഫിന് സാധിച്ചില്ല. മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും ഇടതു മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അതേസമയം മലബാറിലെ ലീഗ് കേന്ദ്രങ്ങളിലാണ് യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സിപിഎം മുൻകൈയ്യെടുത്ത് എൽജെഡിയെ ഇടതുമുന്നണിയിൽ തിരിച്ചെത്തിച്ചത് വയനാട്ടിലും വടകരയിലും നേട്ടമുണ്ടാക്കാമെന്ന പ്രതിക്ഷയില്ലാണ്. പക്ഷേ വയനാട്ടിൽ എൽജെഡി സ്വാധീനകേന്ദ്രമായ കൽപറ്റ എൽഡിഎഫിന് നഷ്ടമായി. മാനന്തവാടിയും നഷ്ടപ്പെട്ടതോടെ ജില്ലയിൽ ഒരു മുനിസിപ്പിലാറ്റിയിൽ മാത്രമായി എൽഡിഎഫ് ഭരണം ഒതുങ്ങി. കൈയിലുണ്ടായിരുന്നു പഞ്ചായത്തുകളുടെ എണ്ണം പകുതിയായി കുറഞ്ഞു.

വടകരയിലെ നാല് പഞ്ചായത്തുകളിലെ എൽജെഡിയുടെ സ്വാധീനമായിരുന്നു സിപിഎം അവരെ മുന്നണിയിലെത്തിക്കാനുണ്ടായ മറ്റൊരു കാരണം. പക്ഷേ അതിലൊന്നിൽ പോലും എൽഡിഎഫിന് ഭരണം നേടാനായില്ല. അഴിയൂരിൽ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും പാർട്ടിയുടെ ഏറ്റവും പ്രധാനകേന്ദ്രമായ ഏറാമലയിൽ തോറ്റമ്പി.

അതേസമയം കാസർകോട്ടെ പീലിക്കോട് ഡിവിഷൻ എൽഡിഎഫിന് പിടിച്ചെടുക്കാനായത് എൽജെഡിയുടെ സ്വാധീനം കാരണമാണ്. കഴിഞ്ഞ തവണ 62 വോട്ടിന് എൽഡിഎഫ് തോറ്റ ഡിവിഷനാണിത്. മലപ്പുറത്ത്  അധികമായി  ജില്ലാ പഞ്ചായത്ത് സീറ്റിൽ മുന്നേറാനും  നിലമ്പൂർ നഗരസഭ പിടിക്കാനും എൽഡിഎഫിനായി. പക്ഷേ 15-ലേറെ ഗ്രാമപഞ്ചായത്തുകൾ അവർക്ക് നഷ്ടമായി. 

മലപ്പുറത്ത് തിരൂർ മുനിസിപ്പാലിറ്റി തിരിച്ചു പിടിക്കാനായത് മുസ്ലീംലീഗിന് ആശ്വാസമായി. ലീഗിന്റെ പരമ്പരാഗതകേന്ദ്രങ്ങൾ തിരിച്ച് പിടിച്ചപ്പോൾ കോൺഗ്രസിന് ക്ഷീണമുണ്ടായി. പാലക്കാട്ട് കോൺഗ്രസിന് പട്ടാമ്പിയിലും ചെർപ്പുളശ്ശേരിയും ചിറ്റൂർ തത്തമംഗലത്തും നഷ്ടമുണ്ടായി. മണ്ണാർക്കാട് മാത്രമാണ് യുഡിഎഫ് ജയിച്ചത്. നേട്ടമുണ്ടായത് ലീഗ് കേന്ദ്രമായ മണ്ണാർക്കാട്ടു മാത്രം.  കോഴിക്കോട് കോർപ്പറേഷനിലും കോൺഗ്രസ് കേന്ദ്രങ്ങളിലാണ് തകർച്ചയുണ്ടായത്. 

കോഴിക്കോട്ട്  ഒരു മുനിസിപ്പാലിറ്റി മാത്രമുണ്ടായിരുന്ന യുഡിഎഫ് നാല് മുനിസിപ്പാലിറ്റികളിൽ ഭരണം പിടിച്ചു. ബദ്ധശത്രുക്കളായ ആർഎംപിയുമായി  ഏറ്റുമുട്ടിയ മൂന്ന് പഞ്ചായത്തുകളിൽ സിപിഎമ്മിന് ഭരണം നഷ്ടമായി. കണ്ണൂരിലെ കോർപ്പറേഷന് നേടിയ യുഡിഎഫിന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് നഷ്ടപ്പെട്ടത് തിരിച്ചടിയായി. ഇരട്ടക്കൊല നടന്ന പുല്ലൂർ പെരിയ പഞ്ചായത്ത് എൽഡിഎഫിന് നഷ്ടപ്പെട്ടത് കൊലപാതകരാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശമാണ് നൽകിയത്. നീലേശ്വരം നഗരസഭയിൽ  നില മെച്ചപ്പെടുത്തനായതും ഉദുമ, വലിയപറമ്പ് പഞ്ചായത്തുകൾ പിടിച്ചെടുക്കാനായതും എൽഡിഎഫിന് നേട്ടമാണ്.

ചെങ്കള ഡിവിഷനിൽ ചില നേട്ടങ്ങളുണ്ടായെങ്കിലും പൊതുവെ 2015നെ അപേക്ഷിച്ച് എൽഡിഎഫിനാണ് വടക്കൻ ജില്ലകളിൽ നഷ്ടം കൂടുതലെന്ന് കാണാനാകും.  ഉലയാത്ത ചില കോട്ടകളിലെങ്കിലും വോട്ട് കുറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കാനാവും ഇനിയുള്ള മാസങ്ങളിൽ എൽഡിഎഫിൻ്റെ ശ്രമം.