ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളിൽ നിന്ന് പിൻവാങ്ങി മുസ്ലിം ലീഗ്. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നങ്ങളിൽ ലീഗിടപെടുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ലീഗിന്റെ വിശദീകരണം. 

കോൺഗ്രസിലെ നേതൃമാറ്റമായിരുന്നു ലീഗിന്റെ മനസ്സിലെങ്കിലും ഇനി അക്കാര്യം ഉന്നയിക്കില്ലെന്ന് ഉറപ്പായി. നിയമസഭാതെരഞ്ഞെടുപ്പിലേക്ക് തർക്കം നീട്ടിക്കൊണ്ട് പോകുന്നത് എൽഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ പിന്മാറ്റം. വിവാദങ്ങൾ മൂർച്ഛിപ്പിക്കാനില്ല. വെൽഫയർ അടക്കമുള്ള വിഷയങ്ങളിൽ ഇനിയും തർക്കത്തിനുമില്ല. എൽഡിഎഫ് ജയിച്ചത് പൊതുജനതാല്പര്യമുള്ള സേവനകാര്യങ്ങളിലൂന്നിയാണെന്ന് വ്യക്തമായതിനാൽ ഇനിയതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.