തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഐക്യജനാധിപത്യ മുന്നണി യോഗത്തിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഘടക കക്ഷികൾ. ആർ എസ് പിയും മുസ്ലിം ലീഗും കോൺഗ്രസിന് ശക്തമായ മുന്നറിയിപ്പ് നൽകി. കോൺഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനമാണ് പരാജയത്തിന് കാരണമെന്ന് ഘടകകക്ഷികൾ കുറ്റപ്പെടുത്തി.

യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആർഎസ്‌പിയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് കടുത്ത വിമർശനം ഉയർന്നത്. നേതാക്കൾ പറഞ്ഞാൽ കോൺഗ്രസിന്റെ അണികൾ കേൾക്കുന്നില്ലെന്ന് ഘടകകക്ഷികൾ പറഞ്ഞു. കോൺഗ്രസ് തിരുത്തിയേ മതിയാകൂ എന്നും ഇവർ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് സജീവമായി മുന്നോട്ട് വരണമെന്നായിരുന്നു ആർ എസ് പിയുടെ വിമർശനം. യുഡിഎഫിലെ പ്രശ്നം കോൺഗ്രസിലാണെന്ന് മുസ്ലിം ലീഗും വിമർശിച്ചു. കോൺഗ്രസ് എത്രയും വേഗം തിരുത്തണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ബന്ധം മലബാറിൽ ഒതുങ്ങേണ്ട വിഷയമായിരുന്നുവെന്ന് യുഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ പിജെ ജോസഫ് പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഇടതുമുന്നണിയുടെ രാഷ്ട്രീയ തന്ത്രത്തിൽ യുഡിഎഫ് വീണുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.