കണ്ണൂരിലെ സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ്റെ മരണ കാരണം കടന്നൽ കുത്തേറ്റതെന്ന് മുസ്ലിം ലീഗ്

കണ്ണൂർ: വെട്ടേറ്റ് 13 വർഷം ചികിത്സയിലിരുന്ന ശേഷം സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ്. വെള്ളേരി മോഹനൻ്റെ മരണം രാഷ്ട്രീയ ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്‌ദുൾ കരീം ചേലേരി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. കടന്നൽ കുത്തേറ്റാണ് വെള്ളേരി മോഹനനെ പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വെള്ളേരി മോഹനൻ്റെ മരണത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎം ഉപയോഗിക്കുകയാണ്. പാർട്ടി അണികളെ ലക്ഷ്യമിട്ട് സിപിഎം വൈകാരിക പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അരിയിൽ ഷുക്കൂർ വധം നടന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് അരിയിൽ സ്വദേശിയായ വെള്ളേരി മോഹനൻ ആക്രമിക്കപ്പെട്ടത്. 2012 ഫെബ്രുവരി 21 ന് ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് അദ്ദേഹം നീണ്ട 13 വർഷം ചികിത്സയിൽ കഴിഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കണ്ണൂരിലെ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 60 വയസായിരുന്നു.

അരിയിൽ ഷുക്കൂർ വധം നടന്ന തൊട്ടടുത്ത ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ മോഹനനെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ആരോപിച്ചിരുന്നു. പിന്നീട് മോഹനനെ കുറ്റിക്കാട്ടിൽ ലീഗ് പ്രവർത്തകർ ഉപേക്ഷിച്ചുവെന്നും 13 വർഷമായി സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായാണ് മോഹനൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയത്തിനെതിരെ ഉറച്ച നിലപാടുണ്ടായിരുന്ന തൊഴിലാളിയായാണ് മോഹനനെന്നും പി ജയരാജൻ അനുസ്മരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തി വെള്ളേരി മോഹനൻ്റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

YouTube video player