Asianet News MalayalamAsianet News Malayalam

KM Shaji : മലബാറിലെ മുസ്ലീങ്ങളുടെ കൈയില്‍നിന്ന് കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗ്: കെ എം ഷാജി

വലിച്ചെറിയൂ ആ കത്തി നിങ്ങള്‍ അറബിക്കടലിലേക്കെന്ന് പ്രസംഗിച്ചത് സി എച്ച് മുഹമ്മദ് കോയയാണ്. മലബാറിലെ മാപ്പിളയുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന വെച്ചുകൊടുത്ത പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്.
 

Muslim league threw knife from the hands of Muslims in Malabar and gave them a pen
Author
Kochi, First Published Nov 30, 2021, 11:49 AM IST

കൊച്ചി: മലബാറിലെ മുസ്ലീങ്ങളുടെ (Malabar Muslims) കൈയില്‍ നിന്ന് കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് മുസ്ലിം ലീഗാണെന്ന് (Muslim league) മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കെ എം ഷാജി(KM Shaji) . വലിച്ചെറിയൂ ആ കത്തി നിങ്ങള്‍ അറബിക്കടലിലേക്കെന്ന് പ്രസംഗിച്ചത് സി എച്ച് മുഹമ്മദ് കോയയാണ്. മലബാറിലെ മാപ്പിളയുടെ (Malabar riot) കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന വെച്ചുകൊടുത്ത പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. തകര്‍ന്നുപോയ ചരിത്രത്തെ, അപകടങ്ങളുണ്ടാക്കിയ ഒരു ചരിത്രത്തെ പുനരാവിഷ്‌കരിച്ച് തീവ്രതയുടെ പാതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി വിടാന്‍ ആര് ശ്രമിച്ചാലും അതിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നില്‍ക്കുമെന്നും കെ എം ഷാജി പറഞ്ഞു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടപ്പിച്ച സെമിനാറിലായിരുന്നു ഷാജിയുടെ പ്രസംഗം.

മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ മുന്‍നിര്‍ത്തി ചരിത്രത്തെ തീവ്രപാതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അതിനെ മുസ്ലിം ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറിയായ കെ എം ഷാജി വ്യക്തമാക്കി.'മലബാര്‍ സമരത്തില്‍ പോരാട്ടം നടത്തിയവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. ഒരു സമൂഹം പ്രതികരിക്കേണ്ടത് അതത് കാലത്തിന്റെ അറിവും വിദ്യാഭ്യാസവും വെച്ചുകൊണ്ടാണ്. 1921ലെ ജനതക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ. 1921ന്റെ കഥകള്‍ പറഞ്ഞ് ആവേശം കൊള്ളുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. മലബാര്‍ കലാപം തകര്‍ത്തുകളഞ്ഞ ഒരു വീഥിയില്‍ നിന്ന് ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ചരിത്രമുണ്ട്. അന്ന് ആലി മുസ്ലിയാര്‍ അടക്കമുള്ളവര്‍ സമരത്തിന്റെ മുന്നിലേക്ക് കുതിച്ചു പോയപ്പോള്‍ അരുതെന്ന് പറയാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ മഹാന്‍മാര്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മലബാര്‍ മണ്ണിനെ പരിഷ്‌കരിച്ചെടുത്തത് കെ.എം. സീതി സാഹിബും ബാഫഖി തങ്ങളും ഖഖാഇദെ മില്ലെത്തിന്റെ ആദര്‍ശങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1921ലെ സമരം നയിച്ചവരെ ചേര്‍ത്തു പിടിക്കുന്നു. സമരത്തിന്റെ വികാരത്തെ ഉള്‍ക്കൊള്ളുന്നു. പക്ഷെ ഈ നൂറ്റാണ്ടിലെ ജനതയെ നയിക്കേണ്ടത് വികാരമല്ല, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിവേകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios