മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ആക്രമണത്തില്‍ സമീറിൻ്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം - യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  നിസാം, അബ്ദുൾ മജീദ്, മൊയിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

രാഷ്ട്രീയ കൊലപാതകമെന്ന് മുഹമ്മദിന്‍റെ ബന്ധു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മുഹമ്മദിന് വധ ഭീഷണിയുണ്ടായിരുന്നു. ഇത് കാണിച്ച് മേലാറ്റൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ആസൂത്രിതമായ കൊലപാതകമെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎയും ആരോപിച്ചു.