Asianet News MalayalamAsianet News Malayalam

നാദാപുരത്ത് തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവം; ഭർത്താവിനായി തെരച്ചിൽ ഊർജ്ജിതം

24 കാരി ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുളള രണ്ട് മക്കളെയും ജീവനാംശം പോലും നല്‍കാതെ തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ വളയം പൊലീസ് മുത്തലാഖ് നിരോധന നിയമമനുസരിച്ച് കേസെടുത്തിരുന്നു.

muthalaq case in Nadapuram police investigation for sameer
Author
Nadapuram, First Published Oct 18, 2019, 5:16 PM IST

കോഴിക്കോട്: നാദാപുരത്ത് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സമീറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.

24കാരി ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുളള രണ്ട് മക്കളെയും ജീവനാംശം പോലും നല്‍കാതെ തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ വളയം പൊലീസ് മുത്തലാഖ് നിരോധന നിയമമനുസരിച്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സമീറിനെ കണ്ടെത്താനുളള അന്വേഷണവും പൊലീസ് ആരംഭിച്ചിരുന്നു.

20 ദിവസം മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയ സമീര്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ജുവൈരിയയെയോ കുട്ടികളെയോ കാണാന്‍ കൂട്ടാക്കിയതുമില്ല. ഇതിനെത്തുടര്‍ന്ന് ജുവൈരിയയും കുട്ടികളും സമീറിന്‍റെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമീറിന്‍റെ പിതാവിന്‍റെ പേരിലായിരുന്ന വീട്, തന്നെ പുറത്താക്കാനായി സമീറിന്‍റെ സഹോദരന്‍റെ പേരിലേക്ക് മാറ്റിയെന്ന് ജുവൈരിയ പറയുന്നു.

തനിക്ക് സ്ത്രീധനമായി മാതാപിതാക്കള്‍ നല്‍കിയ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തന്നെ പുറത്താക്കിയത്. ഗാര്‍ഹിക പീഡനമാരോപിച്ച് ജുവൈരിയ നല്‍കിയ കേസില്‍ നാദാപുരം മജിസ്ട്രേട്ട് കോടതി ജുവൈരിയയ്ക്കും കുട്ടികള്‍ക്കും പ്രതിമാസം 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

Read More:തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

എന്നാല്‍ ഇത് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സ്ത്രീധനമായി കിട്ടിയ സ്വര്‍ണം തിരിച്ചു നല്‍കണമെന്നും കുട്ടികള്‍ക്ക് സഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് വടകര കുടുംബ കോടതിയില്‍ മറ്റ് രണ്ട് കേസുകളും ജുവൈരിയ നല്‍കിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

എം പി ബിനോയ് വിശ്വം ഉള്‍പ്പെടെ നിരവധി പേര്‍ ജുവൈരിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. അതേസമയം, ജുവൈരിയയെ മഹല്ല് കമ്മറ്റി വഴി ഒരു വര്‍ഷം മുമ്പേ മൊഴി ചൊല്ലിയതാണെന്നും ചൊല്ലിയത് മുത്തലാഖല്ലെന്നുമാണ് സമീറിന്‍റെ കുടുംബത്തിന്‍റെ വാദം.

Read More:നാദാപുരത്തെ തലാഖ് സമരം; ജുവൈരിയയെ പിന്തുണച്ച് ബിനോയ് വിശ്വം

Follow Us:
Download App:
  • android
  • ios