ആലപ്പുഴ: സ്വകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ ജീവക്കാരെ മർദ്ദിച്ചതായി പരാതി. ആലപ്പുഴ റീജിയണൽ ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ച ജീവനക്കാരെ സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തില്‍ റീജിയണൽ മാനേജർ അടക്കമുള്ളവർക്ക് പരിക്കേറ്റിടുണ്ട്.

ജോലി കഴിഞ്ഞ് വൈകിട്ട് പോകാൻ ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ അഞ്ച് ജീവനക്കാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, ജീവനക്കാരുടെ പരാതിയിൽ കേസ് എടുക്കുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു.

സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം തുടങ്ങിയതോടെ വിവിധ ജില്ലകളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചിരുന്നു. സമരത്തെ തുടർന്ന് പ്രവർത്തനം നിലച്ച ശാഖകൾ സെപ്റ്റംബർ രണ്ടിനകം തുറക്കാൻ ആയില്ലെങ്കിൽ അവ അടച്ചുപൂട്ടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.