കൊച്ചി: സമരം തുടരുന്ന മുത്തൂറ്റ് ഫൈനാൻസിൽ ലേബർ കമ്മീഷണർ ഇടപെട്ട് നടത്തിയ ചർച്ച പരാജയം. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് ഉറച്ച നിലപാടെടുത്തതോടെ, സമരം ശക്തമായി തുടരുമെന്ന് സിഐടിയുവും വ്യക്തമാക്കി. സമവായശ്രമം അവസാനിപ്പിക്കില്ലെന്നും ഈ മാസം ഇരുപതാം തീയതി വീണ്ടും ചർച്ച നടത്തുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു.

മാനേജ്മെന്‍റ് ബോർഡ് ആലോചിച്ചെടുത്ത തീരുമാനമായതിനാൽ പിരിച്ചുവിട്ട തൊഴിലാളികളിൽ ആരെയും തിരിച്ചെടുക്കാനാകില്ലെന്നാണ് മാനേജ്മെന്‍റ് പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കിയത്. സിഐടിയു പറയുന്നത് പോലെ തീരുമാനങ്ങളെടുക്കാൻ മാനേജ്മെന്‍റിന് കഴിയില്ല. സമരം തുടർന്നാൽ കൂടുതൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്നും ഡിജിഎം ബാബു ജോൺ മലയിൽ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മാനേജ്മെന്‍റ് പിടിവാശി കാണിക്കുകയാണെന്നാണ് സിഐടിയുവിന്‍റെ പക്ഷം. സമരം അവസാനിപ്പിക്കാമെന്നും, ജോലിയിൽ തിരികെ പ്രവേശിക്കാൻ തയ്യാറാണെന്നും ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ ആദ്യത്തെ സമവായ ചർച്ചയിൽ തീരുമാനമായതാണ്. എന്നാൽ പ്രകോപനം തുടർന്ന മാനേജ്മെന്‍റ് സമരം ചെയ്ത തൊഴിലാളി നേതാക്കളെയെല്ലാം പ്രതികാരനടപടിയുടെ ഭാഗമായി പിരിച്ചുവിട്ടു. ഇതോടെയാണ് വീണ്ടും സമരത്തിലേക്ക് പോകേണ്ടി വരുന്ന തരത്തിൽ മുത്തൂറ്റിൽ പ്രശ്നം വഷളായത്. ഹൈക്കോടതി നിർദേശിച്ച സമവായ ചർച്ചയായിട്ടും ഉത്തരവാദിത്തമുള്ള ആരെയും ചർച്ചയ്ക്ക് മുത്തൂറ്റ് മാനേജ്മെന്‍റ് വിടുന്നില്ലെന്നും സിഐടിയു ആരോപിക്കുന്നു. 

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ല. സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. 

മുത്തൂറ്റ് എംഡിക്ക് നേരെയും സമരവുമായി സഹകരിക്കാത്ത തൊഴിലാളികൾക്കും എതിരെ നടന്ന അക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സഹകരിക്കേണ്ടെന്ന തീരുമാനം മാനേജ്മെന്‍റ് കൈക്കൊണ്ടതെന്നാണ് സൂചന. കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ചാണ് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. ഡിസംബർ രണ്ടാം തീയതി മുതൽ ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സമരം നടന്നുവരികയായിരുന്നു. 

Read more at: മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ സിഐടിയു ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയും മുത്തൂറ്റ് ജീവനക്കാർക്ക് നേരെ സിഐടിയു പ്രവർത്തകർ അക്രമം നടത്തിയെന്ന് പരാതിയുയർന്നിരുന്നു. 

Read more at: 'ഈ കല്ല് എന്‍റപ്പന്‍റെ ദേഹത്ത് കൊണ്ടെങ്കിലോ?', ആസൂത്രിത അക്രമമെന്ന് മുത്തൂറ്റ് എംഡിയുടെ മകൻ

അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന ചർച്ച അട്ടിമറിക്കാൻ ഇത്തരം അക്രമങ്ങൾ പ്ലാൻ ചെയ്ത് നടപ്പാക്കുകയാണ് മുത്തൂറ്റ് മാനേജ്മെന്‍റ് എന്നാണ് സിഐടിയുവിന്‍റെ ആരോപണം. ഇതിന് പിന്തുണയുമായി തൊഴിൽവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. 

Read more at: 'കല്ലെറിഞ്ഞത് തൊഴിലാളികളാകില്ല, സർക്കാരിനെ മുത്തൂറ്റ് വെല്ലുവിളിക്കുകയാണ്', തൊഴിൽ മന്ത്രി