തിരുവനന്തപുരം: കൊച്ചിയിൽ മുത്തൂറ്റ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നിൽ തൊഴിലാളികളോ സമരം ചെയ്യുന്നവരോ ആണെന്ന് കരുതുന്നില്ലെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. മുത്തൂറ്റ് മാനേജ്‍മെന്‍റാണ് സർക്കാരിനെ തുടർച്ചയായി വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്. മുത്തൂറ്റ് മാനേജ്മെന്‍റ് ഹൈക്കോടതിയുടെ മുന്നിൽ സമർപ്പിക്കപ്പെട്ട ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചതാണ്. എന്നിട്ടും ഇതിലെ വ്യവസ്ഥകൾ ലംഘിച്ച് ബ്രാ‌ഞ്ചുകൾ പൂട്ടി തൊഴിലാളികളെ പിരിച്ചുവിടുകയാണ് മുത്തൂറ്റ് ചെയ്തത്. ഇത് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തീർത്തും നിഷേധനിലപാടാണ് മുത്തൂറ്റ് സ്വീകരിച്ചതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

''തുടർച്ചയായി സർക്കാരിനെ മാനേജ്മെന്‍റ് വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും സർക്കാർ വൈകാരികമായി പ്രതികരിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. മുത്തൂറ്റിലെ തൊഴിലാളി സമരം സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. അക്രമം തൊഴിലാളി സമരത്തിന്‍റെ രീതിയല്ല. അത്തരത്തിൽ തൊഴിലാളികൾ പെരുമാറില്ല'', ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് സർക്കാർ മുത്തൂറ്റ് മാനേജ്മെന്‍റ് ഒപ്പുവച്ച ഒത്തുതീർപ്പ് കരാർ ലംഘനം സംബന്ധിച്ച് നിയമപരമായി സർക്കാർ പരിശോധന നടത്തുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു. മുത്തൂറ്റ് നബാർഡിന്‍റെ നിയമങ്ങൾ ലംഘിക്കുന്നുവെന്ന പരാതിയും സർക്കാർ പരിശോധിക്കും. 

മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി പ്രശ്നങ്ങൾ ഹൈക്കോടതിയുടെ പ്രതിനിധി ഉൾപ്പടെയുള്ളവർ ചേർന്നാണ് കൂടിയാലോചന നടത്തിയ പ്രശ്നം പരിഹരിച്ചത്. അന്ന് ഒത്തുതീർപ്പ് കരാറിൽ മുത്തൂറ്റ് മാനേജ്മെന്‍റും ഒപ്പുവച്ചതാണ്. ഹൈക്കോടതി തൊഴിൽ വകുപ്പിനെ അന്ന് പ്രശംസിച്ചിരുന്നു. പക്ഷേ, മാനേജ്മെന്‍റ് പിന്നീട് സ്വീകരിച്ചത് തീർത്തും പ്രകോപനപരമായ നിലപാടുകളാണ്. 166 തൊഴിലാളികളെ പിരിച്ചുവിട്ടു. 43 ബ്രാഞ്ചുകൾ പൂട്ടി - മന്ത്രി ചൂണ്ടിക്കാട്ടി.

ഇത് വീണ്ടും സമരത്തിലേക്ക് എത്തുമെന്ന അവസ്ഥയായപ്പോൾ തൊഴിലാളികൾ വിവരം സർക്കാരിനെ അറിയിച്ചു. വീണ്ടും സർക്കാർ മാനേജ്‍മെന്‍റിനെ ചർച്ചയ്ക്ക് വിളിച്ചു. കഴിഞ്ഞ മാസം മുപ്പതാം തീയതി വിളിച്ച യോഗത്തിൽ മാനേജ്‍മെന്‍റ് പ്രതിനിധികൾ തീർത്തും നിഷേധ നിലപാടാണ് സ്വീകരിച്ചത്. യൂണിയൻ നേതാവ് നിഷ ഉൾപ്പടെയുള്ളവരെയാണ് പിരിട്ടുവിട്ടത്. ഇതിനെതിരെ സമാധാനപരമായാണ് സമരം നടന്നിരുന്നതെന്നും തൊഴിൽ മന്ത്രി ചൂണ്ടിക്കാട്ടി.

Watch Video At: മുത്തൂറ്റ് എംഡിയുടെ വാഹനത്തിന് നേരെ കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍

നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു പ്രശ്നവും കേരളത്തിലില്ലെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കി. കൂടുതൽ നിക്ഷേപം കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മുത്തൂറ്റിനും കേരളത്തിൽ നിക്ഷേപം നടത്താം. സർക്കാർ സ്വാഗതം ചെയ്യുകയേയുള്ളൂ. എന്നാൽ, തൊഴിൽ സൗഹൃദ അന്തരീക്ഷമുണ്ടാക്കാൻ മാനേജ്‍മെന്‍റും തൊഴിലാളികളുമാണ് ശ്രമിക്കേണ്ടതെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, ദേശീയ പണിമുടക്ക് കൊച്ചിയിലെ നിക്ഷേപസംഗമത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് പറഞ്ഞ തൊഴിൽ മന്ത്രി, നിസാൻ എംഡിയുടെ പരിഹാസത്തിനോട് കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല. ഒരാളുടെ വിമർശനം കൊണ്ട് മാത്രം ഒരു പരിപാടിയെ വിലയിരുത്തേണ്ടതില്ലെന്ന് ടി പി രാമകൃഷ്ണൻ. 

Read more at: 'ഈ കല്ല് എന്‍റപ്പന്‍റെ ദേഹത്ത് കൊണ്ടെങ്കിലോ?', ആസൂത്രിത അക്രമമെന്ന് മുത്തൂറ്റ് എംഡിയുടെ മകൻ