കൊച്ചി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ  ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് പണിമുടക്ക് സമരം ഒത്തുതീർപ്പായത്. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു.

ഹൈക്കോടതി നിർദ്ദേശം അനുസരിച്ചായിരുന്നു ഒത്തുതീർപ്പ് ചർച്ച. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

ഓഗസ്റ്റ് 20 മുതലാണ് കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുമുട്ടി. മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറടക്കം റോഡിൽ കുത്തിയിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കുമെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചിരുന്നു.

Also Read: ഇനിയും തുറക്കാനായില്ലെങ്കിൽ 300 ശാഖകൾ പൂട്ടും, സമരത്തിന് പിന്നിൽ സിഐടിയു: മുത്തൂറ്റ് എംഡി

 

എന്നാൽ, ഇതിനെതിരെ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. സർക്കാർ പലതവണ ചർച്ച നടത്തിയെങ്കിലും സമരത്തില്‍ തീരുമാനം ആയില്ല. തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്. കൊച്ചിയിൽ നടന്ന ചർച്ചയിൽ എല്ലാ ജീവനക്കാർക്കും 500 രൂപ ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെൻറ് സമ്മതിച്ചു. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജ്മെൻറ് അംഗീകരിക്കും.

Also Read: സമരം ചെയ്തവര്‍ക്കെതിരെ നടപടിയുമായി മുത്തൂറ്റ്; എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു

തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. പണിമുടക്കിന്റെ ഭാഗമായി സസ്പെന്‍റെ ചെയ്യപ്പെട്ട 41 ജീവനക്കാരെ തിരിച്ചെടുക്കും. പിരിച്ചുവിടപ്പെട്ട എട്ടു  ജീവനക്കാർ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്ക് സർവ്വീസിൽ തിരിച്ചെടുക്കുമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. പണിമുടക്കിൽ പങ്കെടുത്തതി്ന‍റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല. എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പ് വരുത്തും. ചർച്ചയിലെ തീരുമാനം അനുസരിച്ച് മാനേജ്‍മെന്റും തൊഴിലാളി യൂണിയനും ധാരണ പത്രം തയ്യാറാക്കി. ചർച്ചയുടെ തീരുമാനം ഹൈക്കോടതിയേ അറിയിക്കും സിഐടിയു സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ ബ്രാഞ്ചുകൾ നാളെ മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും.