മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു
വയനാട്: മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തുകയായിരുന്നു. മരങ്ങൾ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്. 800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ , ആന്‍റോ അഗസ്റ്റിൻ എന്നിവർ മരങ്ങൾ വിട്ടു കിട്ടാനായി നേരത്തെ ബത്തേരി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കടുത്ത പരാമർശങ്ങളോടെ കോടതി ഈ ആവശ്യം തള്ളിയത് പ്രതികൾക്ക് തിരിച്ചടിയായിരുന്നു. തടികൾ സർക്കാരിന്‍റേത് അല്ല എന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾ കഴിഞ്ഞില്ലെന്ന് കോടതി പരാമർശിച്ചിരുന്നു.




