മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. പി ടി തോമസ് ഉന്നയിച്ച വിഷയങ്ങൾ വീണ്ടും പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍: വലിയ വിവാദങ്ങൾക്ക് വഴിവെച്ച മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ തീരുമാനങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ആരോപിക്കപ്പെടുന്ന ഗൂഢാലോചനകളും നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പി ടി തോമസ് ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കണം

വിഷയത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന പി ടി തോമസ് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ആശങ്കകളും നിലവിലെ സാഹചര്യത്തിൽ വീണ്ടും ഗൗരവമായി പരിശോധിക്കണമെന്ന് അനിൽ അക്കര കത്തിൽ ചൂണ്ടിക്കാട്ടി. അന്ന് അദ്ദേഹം ഉന്നയിച്ച വസ്തുതകളുടെ യാഥാർത്ഥ്യം എന്താണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്.

മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വെളിപ്പെടുത്തലുകളും നിയമനടപടികളും ഉണ്ടായ സാഹചര്യത്തിൽ, കേസിന്‍റെ എല്ലാ വശങ്ങളും അന്വേഷ പരിധിയിൽ കൊണ്ടുവരണം. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിയുന്ന എല്ലാവർക്കെതിരെയും ഭേദമന്യേ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര അഭ്യർത്ഥിച്ചു. ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും സത്യം പുറത്തുകൊണ്ടുവരാനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, അതിനാൽ വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.