മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ഹാജരാകാത്ത അഗസ്റ്റിൻ സഹോദരന്മാർക്ക് ചോറ്റാനിക്കര കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബർ 11-ന് ഹാജരായില്ലെങ്കിൽ വീഡിയോ കോൺഫറൻസിങ് അനുമതി റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഹാജരാകാത്തതിൽ നിലപാട് കടുപ്പിച്ച് വിചാരണ കോടതി. വിചാരണക്ക് പ്രതികൾ 11 ന് ഹാജരാകണം എന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി. വിചാരണ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. മുൻപ് മൂന്ന് തവണ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

അഗസ്റ്റിൻ സഹോദരങ്ങൾ ജാമ്യത്തിൽ തുടരുന്നു

അതേസമയം മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ബത്തേരി കോടതിയിൽ ശനിയാഴ്ച ഹാജരായിരുന്നു. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവരാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച 42 കേസുകളിൽ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് നടപടി. 2020–21 കാലഘട്ടത്തിൽ നടന്ന മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളിൽ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചേക്കും. കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ജാമ്യത്തിൽ തുടരുകയാണ്. അതേസമയം കേസിൽ പിടിച്ചെടുത്ത 112 ഈട്ടിത്തടികൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.