കേരളത്തിലെ സിപിഎമ്മിന്റെ തകർച്ചയ്ക്ക് പരിഹാരമായി തെറ്റ് തിരുത്തൽ നടപടികൾ ചർച്ചയാവുന്നു. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ, മൂന്ന് പതിറ്റാണ്ടായി പാർട്ടിയിൽ പിണറായി വിജയനുള്ള അപ്രമാദിത്തം തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്.
ചവിട്ടിപ്പിഴിച്ചിൽ ഉൾപ്പെടെയുള്ള പ്രതിവിധിയാണ് കേരളത്തിൽ സിപിഎമ്മിന്റെ തകർച്ചയ്ക്ക് പറ്റി ജനറൽ സെക്രട്ടറി തന്നെ വിധിച്ചിരിക്കുന്നത്. സെപ്റ്റംബർ 13, 14 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗം ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. മൂന്ന് പതിറ്റാണ്ടോളമായി പാർട്ടിയിൽ പിണറായി വിജയനുള്ള അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടുന്ന കാലവുമാണ്. പാർട്ടി തിരുത്തുമോ അതോ പാർട്ടിയെ തിരുത്തുമോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു... ചെങ്കോട്ടയിൽ പോർമുഖം
ആഴത്തിലുള്ള തെറ്റ് തിരുത്തൽ നേതൃമാറ്റ ചർച്ചയോളം എത്തിനിൽക്കെയാണ് സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി കോഴിക്കോട് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവി ഇഴകീറിയ ബ്രാഞ്ച് തലം മുതൽ കേന്ദ്ര കമ്മിറ്റിയിൽ വരെ ഉയർന്ന് കേട്ട പ്രധാന വിമർശനങ്ങളിലൊന്ന്, പിണറായി ശൈലിയാണ്. മൂന്ന് പതിറ്റാണ്ടോട് അടുക്കുന്ന ആ അനിഷേധ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നിടത്താണ് സിപിഎമ്മിന് പിണറായി ആരെന്ന ചോദ്യം പ്രസക്തമാകുന്നതും.
കാലങ്ങളായി സിപിഎമ്മിന് ഒരേ ഒരു ശബ്ദം
പാർട്ടി സംഘടനാ സംവിധാനത്തിലും ഭരണ തലത്തിലും കഴിഞ്ഞ കാൽ നൂറ്റാണ്ടായി പിണറായി വിജയനെന്നാൽ ഒരു ശീലമാണ്. നിലപാടുകളിൽ കാർക്കശ്യം, സംഘടനാ നിയമങ്ങളിലും അച്ചടക്കത്തിലും ഉരുക്ക് മുഷ്ടി. കാലം പോകെ നവ ഉദാരവത്കരണ നയങ്ങളിലേക്ക് പാർട്ടി വഴി നടന്നോൾ അതിന് മുൻ നടന്നതും മുന്നിൽ നിന്നതും പിണറായി വിജയൻ തന്നെ. 1998 ലാണ് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് എത്തുന്നത്. നാല് സമ്മേളനങ്ങളിൽ തുടർച്ചയായി സംസ്ഥാന സെക്രട്ടറിയായി. തുടർന്ന് ഒരു പതിറ്റാണ്ട് മുഖ്യമന്ത്രി കസേരയിലിരുന്നു. പാർട്ടിയുടെ അമരത്തിരുന്നപ്പോൾ പാർലമെന്ററി സംവിധാനത്തേയും സർക്കാർ തലപ്പത്തിരുന്നപ്പോൾ പാർട്ടി സംഘടനാ ചിട്ടകളേയും അടക്കി ഭരിച്ചതാണ് പിണറായി വിജയന്‍റെ ട്രാക്ക് റെക്കോർഡ്. വിശ്വസ്ഥനായ കോടിയേരിയും തുടർന്ന് വന്ന എംവി ഗോവിന്ദനും പാർട്ടിയിൽ പിണറായിയുടെ നിഴൽ പറ്റി. പത്ത് വർഷത്തെ ചരിത്ര ഭരണത്തിന് ശേഷം സിപിഎമ്മിനെയും ഇടത് മുന്നണിയെയും ജനം തിരസ്കരിച്ച്പ്പോഴും പ്രതിപക്ഷ നേതൃതൃസ്ഥാനത്തേക്ക് മറ്റൊരു ഓപ്ഷൻ ചർച്ചക്ക് വന്നതേ ഇല്ല.
തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ പണി പാളി
തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ പക്ഷെ പണി പാളി. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന കാലത്ത് പാർട്ടിയറിയാതെ എടുത്ത യൂടേണുകളിൽ ചിലത് ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും തോൽവിക്ക് ശേഷമുള്ള മറയില്ലാ പ്രയോഗങ്ങൾ പലതും നേതൃതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്നതാണ്. ഏകപക്ഷീയ നിലപാടുകൾ മുതൽ പിആർ ഭരണം വരെ പാർട്ടിയുടെ അടിവേരിളക്കിയെന്ന് പ്രതിനിധികൾ ഇരുത്തി വിമർശിച്ചു. വ്യക്തി കേന്ദ്രീകൃത പ്രചാരണവും ചോദ്യങ്ങൾക്കിടമില്ലാതായതും തിരിച്ചടിയായെന്ന് പലവീഴ്ചകളുടെ കൂട്ടത്തിൽ കേന്ദ്ര കമ്മിറ്റി വിശദമായി എഴുതി. ഹോൾഡ് ഐസക് നേതൃമാറ്റം നിലവിൽ വിശാല സംസ്ഥാന സമിതിയുടെ അജണ്ടയല്ല. തിരുത്തൽ നിർദ്ദേശങ്ങൾക്കൊപ്പം നേതൃത്വം മാറണമെന്ന് ആവശ്യം ശക്തമായി ഉയർന്നാൽ അനന്തര നടപടികളിലേക്ക് കടക്കേണ്ടതിന്‍റെ അനിവാര്യതയുമുണ്ട്. അതുകൊണ്ട് തന്നെ കാൽ നൂറ്റാണ്ടിന്‍റെ പതിവ് ഇവിടെ തീരുന്നില്ല. പിണറായി പക്ഷവും പിണറായി വിരുദ്ധ പക്ഷവും തന്നെയാണ് വിശാല സംസ്ഥാന സമിതിൽ ബലാബലത്തിന് ഒരുങ്ങുന്നത്.
വിഭാഗീയ കാലത്തെ കൊടുങ്കാറ്റുകളിൽ നിന്ന് വിഎസ് പിൻവാങ്ങിയതിനെ പിന്നെ പിണറായിക്ക് നേരെ ഒരിലയനക്കം പോലും ഇടത് രാഷ്ട്രീയത്തിലുണ്ടായിട്ടില്ല. വിശാല സംസ്ഥാന സമിതിക്ക് മുൻപ് പക്ഷെ സിപിഎമ്മിനകത്ത് സമാനതകളില്ലാത്ത പടയൊരുങ്ങുന്നുണ്ട്. പരിസമാപ്തി എന്ത് തന്നെയായാലും അനിഷേധ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നിടത്താണ് സിപിഎമ്മിന് പിണറായി ആരെന്ന ചോദ്യം പ്രസക്തമാകുന്നതും.

