രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സം​ഗമത്തിൽ ഭൂരിപക്ഷം പ്രീണനം ഇല്ല.

തിരുവനന്തപുരം: വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ആസൂത്രണം നടക്കുന്നത് പറവൂർ കേന്ദ്രീകരിച്ചാണ്. വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചെന്നും എം വി ​ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദൻ രാഹുൽ സാംസ്കാരിക ജീർണതയുടെ പ്രതീകമാണെന്നും വിമര്‍ശിച്ചു. അയ്യപ്പ സം​ഗമത്തിൽ ഭൂരിപക്ഷ പ്രീണനം ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സർവകലാശാല വിഷയത്തിൽ ഗവർണർ നിയമ വ്യവസ്ഥയെ അട്ടിമറിക്കുമ്പോൾ പൊതു സമൂഹം ശക്തമായി ഇടപെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ കോടതി കയറുന്നു. വി സി നിയമന കേസിൽ ചിലവായ തുക ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾ നൽകണം എന്ന് ഗവർണർ ആവശ്യപ്പെടുന്നു.

അടിയന്തര പ്രമേയ ചർച്ചകളിൽ പ്രതിപക്ഷം തകർന്ന് തരിപ്പണമായി എന്ന് അഭിപ്രായപ്പെട്ട ഗോവിന്ദൻ പ്രതിപക്ഷം വിഷയ ദാരിദ്ര്യം നന്നായി അനുഭവിക്കുന്നുവെന്നും പറഞ്ഞു. മാങ്കൂട്ടത്തിൽ വിഷയം വന്നപ്പോള്‍ വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നു. അത് പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ല. വലതുപക്ഷ രാഷ്ട്രീയം എത്ര ജീർണമായി എന്ന് ഷൈൻ ടീച്ചർക്കെതിരായ ആക്രമണം തെളിയിക്കുന്നു. സിപിഎം കേന്ദ്രങ്ങൾ ആണ് പ്രചരിപ്പിച്ചതെന്ന യുഡിഎഫ് വാദം കള്ളമാണ്. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ കോൺഗ്രസ്‌ സൈബർ സംഘം ഇത്തരം പ്രചാരണം നടത്തുമോ എന്നും എംവി ഗോവിന്ദൻ ചോദിച്ചു. 

എ കെ ആന്റണിയുടെപത്ര സമ്മേളനത്തോടെ കോൺഗ്രസ് വെട്ടിലായി. ആൻ്റണിയുടെ വാർത്താ സമ്മേളനത്തിലൂടെ വെട്ടിലായത് യുഡിഎഫാണ്. സഹായിക്കാൻ ആരും ഉണ്ടായില്ലെന്നാണ് ആന്റണി പറഞ്ഞത്. എന്തൊരു ദയനീയ അവസ്ഥയാണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming