ബലാത്സംഗ കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദൻ. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുന്നെന്നെന്നും കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുന്നു, കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് എപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്? സസ്പെൻഡ് ചെയ്തപ്പോൾ പറഞ്ഞത് പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് എന്നാൽ ഇപ്പോൾ മിക്ക നേതാക്കളും പറയുന്നത് നേരത്തെയും പല പരാതികളും ലഭിച്ചിരുന്നു എന്നാണ്. കെപിസിസിക്ക് മുൻപാകെ ഒമ്പത് പരാതികൾ ലഭിച്ചിരുന്നു എന്നാണ് വാർത്തകൾ വരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുകേഷിനെതിരായ ആരോപണങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾക്കും എംവി ഗോവിന്ദൻ മറുപടി പറഞ്ഞു. മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
'തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്'
തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി വലിയ വിജയം കൈവരിക്കുമെന്ന് എംവി ഗോവിന്ദൻ മാധ്യങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷമാണ് പ്രതികൂട്ടിലായതെന്നും കോൺഗ്രസിന്‍റെ ജീർണത ഓരോ തവണയും പുറത്തു വരികയാണ്. കോൺഗ്രസിനുള്ളിൽ മാഫിയാ സംഘമുണ്ട്. കോൺഗ്രസിന് രാഹുലിനെക്കുറിച്ച് നേരത്തെയും പരാതി ലഭിച്ചിരുന്നു അത് മുടി വെയ്ക്കുകയാണ് ഉണ്ടായത്. പരാതികൾ പൂഴ്ത്തി. കോൺഗ്രസിനുള്ളിലെ മാഫിയ സംഘത്തെ നിയന്ത്രിക്കുന്നത് ഷാഫിയും രാഹുലും ആയിരുന്നു. അതിജീവിതയ്ക്ക് എതിരെയുള്ള സൈബർ അക്രമണം ബോധപൂർവമുള്ളതാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.
മസാല ബോണ്ടിലെ ഇഡി നോട്ടീസില്‍ പ്രതികരണം
തെരഞ്ഞെടുപ്പ് കാലത്ത് ഒന്നുകിൽ സിബിഐ അല്ലെങ്കിൽ ഇഡിയുടെ നോട്ടീസ് ഉണ്ടാകും. തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ഇതുപോലുള്ള കേന്ദ്ര ഏജൻസികളുടെ നോട്ടീസ് വരും. ഇ ഡിയുടെ നോട്ടീസിന് കടലാസിന്‍റെ വിലയില്ലെന്ന് ജനങ്ങൾക്ക് അറിയാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.



