ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായശേഷമാണ് വിധി പറഞ്ഞത്.

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരായ വിശദാംശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവ് വൈകാതെയിറങ്ങും.

രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് വാദം നടന്നപ്പോള്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സം കേസിനെ എതിര്‍ത്തും പ്രതിഭാഗം വാദിച്ചു. മുൻകൂര്‍ ജാമ്യാപേക്ഷ തടയാൻ മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണെന്നാണ് രാഹുലിന്‍റെ വാദം. ഇതിനിടെ, ഇന്ന് 25 മിനുട്ട് നീണ്ടുനിന്ന വാദത്തിനിടെ രാഹുലിനെതിരെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷൻ ഹാജരാക്കി. ഇരുവരും തമ്മിലുള്ള ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. അശാസ്ത്രീയ ഗര്‍ഭചിത്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ നിര്‍ണായക മൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കി. 

പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് രാഹുലിന്‍റെ സുഹൃത്തായ ജോബിയിൽ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം കോടതിയിൽ കൈമാറിയുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയ കാര്യം പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 

എന്നാൽ, ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള രണ്ട് പ്രധാന വാദങ്ങളാണ് പ്രതിഭാഗം ഉയര്‍ത്തിയത്. ഈ രണ്ട് വാദങ്ങളും തള്ളികൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഒരു പെണ്‍കുട്ടി അവരുടെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്നതിനിടെ ഒരു ജനപ്രതിനിധിയെ സഹായത്തിന് സമീപിച്ചപ്പോള്‍ അവിടെ ചൂഷണം നടക്കുകയാണ് ചെയ്തതെന്ന് തെളിവുകളുടെ അടക്കം സഹായത്തോടെ പ്രോസിക്യൂഷൻ വാദിച്ചു.യുവനേതാവിന്‍റെ രാഷ്ട്രീയജീവിതം തകര്‍ക്കാനുള്ള സിപിഎം-ബിജെപി ഗൂഢാലോചനയാണെന്നും പരാതി വ്യാജമാണെന്നും ഓഡിയോയും വാട്സ്ആപ്പ് ചാറ്റും റെക്കോര്‍ഡ് ചെയ്തത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും യുവതി ജോലി ചെയ്യുന്ന സ്ഥാപനം പരാതി കൊടുക്കാൻ സമ്മര്‍ദം ചെലുത്തിയെന്നും പ്രതിഭാഗം വാദിച്ചു. ഇതിനിടെ, ഒളിവിലുള്ള രാഹുലിനെ തേടി ബെംഗളൂരുവിലടക്കം പൊലീസ് അന്വേഷണം തുടരുകയാണ്. വയനാട്-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ, രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറും കസ്റ്റഡിയിലായി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

YouTube video player