മാസപ്പടിക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അപ്പീൽ പോകേണ്ടിയിരുന്നത് സർക്കാരായിരുന്നുവെന്നും എം വി ഗോവിന്ദൻ.

വയനാട്: മാസപ്പടിക്കേസിലെ ഹൈക്കോടതി വിധി ഏകപക്ഷീയമായതെന്ന് സിപിഎം. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അപ്പീൽ പോകേണ്ടിയിരുന്നത് സംസ്ഥാന സർക്കാരായിരുന്നു. അപ്പീൽ പോകാതിരുന്നതിന് പിന്നിൽ കൃത്യമായ ഒത്തുകളിയാണ്. മൊഴി എങ്ങനെയാണ് തെളിവാകുകയെന്ന കോടതിയുടെ ചോദ്യത്തിന് എജിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയനെതിരെ ഇഡിക്കൊപ്പം ചേർന്ന് യുഡിഎഫ് സർക്കാർ അസൂത്രിതമായ നീക്കം നടത്തുന്നു. ഇഡിയുടെ യജമാനൻ ബിജെപിയാണ്. ഇഡിക്ക് അമിതാധികാരം നൽകിയത് യുപിഎ സർക്കാരാണ്. പി ചിദംബരം ആണ് മാറ്റങ്ങൾ വരുത്തിയത്. ഇതേ ചിദംബരത്തെ തന്നെ പിന്നീട് ഇഡി അറസ്‌റ്റ് ചെയ്തുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാടാണെന്നും എം വി ഗോവിന്ദൻ ന്യായീകരിച്ചു. സേവനം ലഭിച്ചില്ലെന്ന് പറയുന്നത് കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ്. റിയാസിനെതിരായ മൊഴി ഇഡി ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണ്. റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസിനെ തോക്കിൻ മുനയിൽ നിർത്തി മൊഴി രേപ്പെടുത്തിയെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയേറ്റതിലാണ് എം വി ഗോവിന്ദൻ്റെ പ്രതികരണം. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. ഇഡിയുടെ കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.