സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും ഗോവിന്ദൻ പറഞ്ഞു
തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും വേഷം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, സ്കൂളുകളുടെ കാര്യം വരുമ്പോൾ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണം. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോൺഗ്രസും ചേർന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇഡി സമൻസിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇതൊന്നും കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകും
മന്ത്രി സജി ചെറിയാനെതിരായ ജി സുധാകരന്‍റെ പ്രതികരണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ആരെങ്കിലും ഒരാൾ അങ്ങോട്ട് ഇങ്ങോട്ടും പറഞ്ഞാൽ നടപടിയെടുക്കില്ലെന്നും എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ടു പോകുമെന്നും 75 വയസ് കഴിഞ്ഞവർ വിരമിച്ചവരല്ല,പാർട്ടി പ്രവർത്തകർ തന്നെയാണെന്നും പ്രായ പരിധി കടന്നവർക്ക് നിരാശയുണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശബരിമലയിലെ പീഠം കാണാതായെന്ന ആരോപണം അയ്യപ്പ സംഗമം തകർക്കാൻ നടത്തിയ ഗൂഢാലോചനയാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റവാളികൾ ആരായാലും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. സർക്കാരും പ്രത്യേക സംഘവും ഇതിനായി പ്രവർത്തിക്കുകയാണ്. എൽ ഡി എഫ് എന്നും വിശ്വാസികൾക്ക് ഒപ്പമാണ്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഒരു നഷ്ടവും അയ്യപ്പന് സംഭവിക്കാതെ സ്വർണം തിരിച്ചുപിടിക്കാനാകും ആർക്കും ഒരു സംരഷണവും സർക്കാർ നൽകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഭൂപതിവ് ചട്ട ഭേദഗതിയോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകും. വന്യജീവി പ്രശ്ന പരിഹാരത്തിനും നടപടിയായി. എൽ ഡി എഫ് സർക്കാരിനെതിരായ കള്ള പ്രചാരണം ജനം തിരിച്ചറിയും. കോൺഗ്രസിലെ ആഭ്യന്തര സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാർ പരസ്യ കലാപം നടത്തുകയാണ്. ആസൂത്രണം ചെയ്ത ബോംബുമായി എത്തി പൊലീസിനുനേരെ എറിഞ്ഞു. ജനങ്ങൾക്ക് മനസിലായപ്പോൾ പൊലീസ് എറിഞ്ഞതെന്ന് കള്ള പ്രചാരണം നടത്തി. കേരളത്തിൽ സംഘർഷം ഉണ്ടാക്കാൻ യുഡിഎഫ് ബോധപൂർവം ശ്രമിക്കുകയാണ്.അതിന്‍റെ ഉദാഹരണമാണ് പേരാമ്പ്ര സംഘർഷം. പ്രകോപനം സൃഷ്ടിച്ചത് യുഡിഎഫാണ്. എൽഡിഎഫ് പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞു പോവുകയായിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



