എകെജി സെന്‍റര്‍ ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രചാരമാണ് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എകെജി സെന്‍റര്‍ ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രചാരമാണ് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ജിതിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. 

ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങളും ക്രൈബ്രാഞ്ചിന് ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നിൽ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും തുറന്ന നിലയിലായിരുന്നു. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്.

Also Read:  'ജിതിൻ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകൻ, തള്ളിപ്പറയില്ല; എകെജി സെന്ററ‍ര്‍ ആക്രമണവുമായി ബന്ധമില്ല': വിടി ബൽറാം

അതേസമയം, ജിതിന് എകെജി സെന്ററ‍ര്‍ ആക്രമണ കേസുമായി ബന്ധം ഇല്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബൽറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി.