മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആർഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ട് വരും.
കണ്ണൂർ : എസ് എഫ് ഐ നേതാവ് പി എം ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആർഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർക്ക് ലിസ്റ്റ് വിവാദം എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു നേരത്തെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. മാർക് ലിസ്റ്റ് പ്രശ്നത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ്, ഇക്കാര്യത്തിൽ ആർഷോ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാൽ കെ വിദ്യക്കെതിരെ ഉയർന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നുമുള്ള നിഗമനത്തിലേക്കാണ് എത്തിയത്.
യുയുസി ആൾമാറാട്ട കേസ്: കാട്ടാക്കട കോളേജിന് ഒന്നര ലക്ഷം രൂപ പിഴയിട്ട് സർവകലാശാല
വിദ്യയുടെ വീട്ടിൽ പരിശോധന
അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കെ വിദ്യയുടെ കാസർകോട് തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ അഗളി പൊലീസ് പരിശോധന നടത്തി. ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ രേഖകൾ ഒന്നും കണ്ടെത്താനായില്ല. അഗളി എസ് എച്ച് ഒ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പൂട്ടിയിട്ട വിദ്യയുടെ വീട് ബന്ധുവെത്തിയാണ് പരിശോധനയ്ക്കായി തുറന്നു കൊടുത്തത്. വിദ്യ ഇപ്പോഴും ഒളിവിലാണ്. കണ്ടെത്താനുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിദ്യയുടെ വീട്ടിൽ രാവിലെ നീലേശ്വരം പൊലീസും പരിശോധനക്കെത്തിയിരുന്നു. എന്നാൽ വീട് അടച്ചിട്ടതിനാൽ സംഘം തിരിച്ചു പോകുകയായിരുന്നു.
വിദ്യ വ്യാജരേഖ വിവാദം: പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

