ആർഎസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയിൽ എം വി ഗോവിന്ദനെതിരെ സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി ഇ എം ഹസൈനാർ 

കൊച്ചി: കേരളത്തിൽ സിപിഎം ആർഎസ്എസുമായി അടിയന്തിരാവസ്ഥക്കാലത്ത് സഹകരിച്ചെന്ന പ്രസ്താവനയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനം. സിപിഎം മുൻ ഏരിയ സെക്രട്ടറിയും തൃക്കാക്കര മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി മുൻപ് മത്സരിച്ച മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ എം.ഇ.ഹസൈനാറാണ് വിമർശനവുമായി രംഗത്ത് വന്നത്. എംവി ഗോവിന്ദനെതിരായ വിമർശനം ശ്രദ്ധയിൽപെട്ടില്ലെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം.

'ഗോവിന്ദനായാലും എത് ഇന്ദ്രനായാലും അനവസരത്തിലുള്ള പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു' എന്നാണ് എം ഇ ഹസൈനാറുടെ ഫേസ്ബുക് പോസ്റ്റ്. നിലവിൽ വിശ്രമജിവിതത്തിലാണ് കമളശേരി മുൻ ഏരിയാ സെക്രട്ടറിയായ എം ഇ ഹസൈനാർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൻ്റെ തലേന്നാളാണ് വിവാദ പ്രസ്താവനയുമായി എംവി ഗോവിന്ദൻ രംഗത്ത് വന്നത്. അടിയന്തിരാവസ്ഥ കാലത്ത് ആർഎസ്എസുമായി ഇന്ദിരാഗാന്ധിക്കെതിരായ പ്രതിഷേധത്തിൽ സഹകരിച്ചിരുന്നുവെന്ന പ്രസ്താവന തെരഞ്ഞെടുപ്പിലടക്കം വലിയ തോതിൽ ചർച്ചയായിരുന്നു. പിന്നീട് ഇത് അദ്ദേഹം തിരുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സ്ഥാനാർത്ഥി എം സ്വരാജുമടക്കം പാർട്ടി സെക്രട്ടറി പറഞ്ഞ കാര്യത്തെ ഏറ്റെടുത്തിരുന്നില്ല. പ്രതിപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള നിലമ്പൂർ മണ്ഡലം നിലനിർത്താൻ രാഷ്ട്രീയ പോരിനിറങ്ങുന്നുവെന്ന് വ്യക്തമാക്കിയാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ എം സ്വരാജിനെ മത്സരത്തിന് ഇറക്കിയത്. എന്നാൽ ആർഎസ്എസ് വിരുദ്ധ വർഗീയ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥിയെന്ന് ആഴ്ചകളോളം പ്രചാരണം നടത്തിയ ശേഷം വോട്ടെടുപ്പിൻ്റെ തലേന്നാൾ എംവി ഗോവിന്ദൻ തന്നെ ഈ നിലയിൽ പ്രസ്താവന നടത്തിയത് പാർട്ടി പ്രവർത്തകരെയും നിരാശരാക്കിയിരുന്നു.

YouTube video player