ബാങ്ക് തട്ടിപ്പിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണം: എംവി ഗോവിന്ദൻ
ഇഡി നടത്തുന്ന പല കേസുകളിലെ അന്വേഷണത്തിൽ ഒരറ്റത്ത് കെ സുധാകരനും മറ്റൊരറ്റത്ത് രാഹുൽ ഗാന്ധിയും ഉണ്ടെന്നതും റെയ്ഡിന് പിന്നിൽ രാഷ്ട്രീയമാണെന്ന വാദത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു

കണ്ണൂർ: കരുവന്നൂർ, അയ്യന്തോൾ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്നാൽ തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഡി നടത്തുന്ന പല കേസുകളിലെ അന്വേഷണത്തിൽ ഒരറ്റത്ത് കെ സുധാകരനും മറ്റൊരറ്റത്ത് രാഹുൽ ഗാന്ധിയും ഉണ്ടെന്നതും റെയ്ഡിന് പിന്നിൽ രാഷ്ട്രീയമാണെന്ന വാദത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി വിശാലമായ സഖ്യത്തിൽ സിപിഐഎം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. ബാങ്ക് തട്ടിപ്പിൽ സിപിഐ മാത്രമല്ല പല ബോർഡ് അംഗങ്ങളും പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് പാർട്ടി നിലപാട്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് പാർട്ടി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂര്‍ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ പ്രസിഡന്റായ തൃശൂർ സർവ്വീസ് സഹകരണ ബാങ്കടക്കം തൃശ്ശൂരിലും എറണാകുളത്തുമായി ഒൻപത് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നുണ്ട്. അയ്യന്തോള്‍ സഹകരണബാങ്കിൽ നിന്ന് 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അനിൽകുമാറിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി കുറ്റപ്പെടുത്തുന്നു. ഇതിന് പുറമെ എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live