ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല, ചർച്ചയും നടത്തിയിട്ടില്ല, ഇപിക്കെതിരെ ആസൂത്രിത നീക്കമെന്ന് എംവി ഗോവിന്ദൻ
ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല, അതിന് ചർച്ചയും നടത്തിയിട്ടില്ല, ഇപിക്കെതിരെ ആസൂത്രിത നീക്കമെന്നും എംവി ഗോവിന്ദൻ
തിരുവനന്തപുരം: ജാവദേക്കര്‍ കൂടിക്കാഴ്ചയിൽ ഇപി ജയരാജനെ തള്ളാതെ സിപിഎം. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ് കണ്ടകാര്യം വലിയ മാധ്യമങ്ങൾ വിഷയമാക്കുകയാണെന്നായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും പ്രതിരോധിക്കുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ ജയരാജനെ പാർടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ഉണ്ടാകും. നന്ദകുമാറിനെപ്പോലെ ഉള്ളവരുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കണം. അത് മുമ്പേ അവസാനിപ്പിച്ചിട്ടുണ്ട് എന്നാണ് ജയരാജൻ വ്യക്തമാക്കിയിട്ടുള്ളത്. ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല, അതിന് ചർച്ചയും നടത്തിയിട്ടില്ല. കോൺഗ്രസ് നേതാക്കൾ പോകുന്നു എന്ന് പറയുന്നത് ശരിയായ കാര്യമാണ്. ഇന്നും പോയിട്ടുണ്ട്. രാഷ്‌ട്രീയമായ കാര്യങ്ങൾ അല്ലാത്തത് പാർട്ടിയിൽ അറിയിക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ഒരാളെ കണ്ടാൽ തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വടകരയിൽ ഉൾപ്പെടെ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ദേശീയതലത്തിൽ സംഘ്‌പരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന് സമാനമായ രീതിയിൽ വടകരയിൽ ഉൾപ്പെടെ കോൺഗ്രസ് ശ്രമിക്കുകയായിരുന്നു. ഇത് തുറന്നുകാണിക്കാനുള്ള നീക്കം തുടർന്നുള്ള ദിവസങ്ങളിൽ നടത്തേണ്ടിവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വലിയ തോതിലുള്ള ധ്രുവീകരണ നീക്കത്തിനാണ് സംഘ്‌പരിവാർ ശ്രമിക്കുന്നത്. കേരളത്തിലെ ക്ഷേത്രവരുമാനം മുസ്ലീങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് സഞ്‌ജു വർമ ചാനലിലൂടെ കള്ളപ്രചാരണം നടത്തി. തികച്ചും തെറ്റായ കാര്യമാണിത്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. സിഎഎ, രാമക്ഷേത്ര വിഷയങ്ങൾ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോൾ മോദി നേരിട്ട് വർഗീയ പ്രചാരണം ഏറ്റെടുത്തു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണ്. ഇത്തരം പ്രചാരണങ്ങളെ മറികടന്ന് രാജ്യത്ത് മതനിരപേക്ഷ സർക്കാർ രൂപംകൊള്ളുമെന്ന സാധ്യതയാണ് വിലയിരുത്തുന്നത്.
കേരളത്തിലെ എൽഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന അജണ്ടയാണ് ബിജെപിയും കോൺഗ്രസും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി വീണ്ടും വയനാട് വന്ന് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇത്തവണ ഉണ്ടായിരുന്നില്ല. ഇഡിയും ഐടിയും യാതൊരു മറയുമില്ലാതെ തെരഞ്ഞെടുപ്പിൽ ഇടപെട്ടു. സിപിഐ എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചു. പ്രധാനമന്ത്രി കള്ളപ്രചരണങ്ങൾക്ക് നേതൃത്വം വഹിച്ചു. ഇതൊന്നും ജനങ്ങൾ വിശ്വാസത്തിൽ എടുത്തില്ല.
എൽഡിഎഫ് വിജയം തടയാൻ ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കാൻ യുഡിഎഫ് മടിച്ചിട്ടില്ല. വടകരയിൽ ബിജെപി വോട്ട് യുഡിഎഫിന് നൽകാനുള്ള നീക്കം പരസ്യമായി. പാലക്കാട് തിരികെ ഷാഫി ബിജെപിയെ സഹായിക്കാമെന്ന ധാരണയും ഉണ്ടാക്കി. വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതിനെയെല്ലാം ജനങ്ങൾ തള്ളി. ഇതെല്ലാം ചെയ്‌താലും വടകര ജയിക്കും. തൃശൂരിൽ ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ. വോട്ടിങ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ബാധിക്കില്ല. യുഡിഎഫ് മേഖലകളിലാണ് വോട്ടിങ് കുറഞ്ഞത്. ജൂൺ നാലിന് മാത്രമേ പൂർണമായി അർത്ഥത്തിൽ ജയം സുവ്യക്തമായി പറയാൻ കഴിയൂ. കേരളത്തിൽ എൽഡിഎഫിന് ഭൂരിപക്ഷ സീറ്റ് നേടാനാകും എന്നാണ് വിലയിരുത്തുന്നത്.
ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നു: ഇപി ജയരാജനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം