അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു. അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത് എന്ന് ജയരാജന്‍.

മലപ്പുറം: അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ എംവി ജയരാജന്‍ പ്രതികരിച്ചു. 

'അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു. അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത്. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ സ്ഥാനാർത്ഥി വരും' എന്നും ജയരാജന്‍ പറഞ്ഞു.
അതിനിടെ, താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ചെയ‍ർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അന്‍വര്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്. അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നും അൻവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം