Asianet News MalayalamAsianet News Malayalam

'1000 കോടി ബഡ്ജറ്റ് എസ്റ്റിമേറ്റാണ്, പിഴ ചുമത്താനുള്ള ടാർജറ്റ് അല്ല'; വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക,നികുതി വരുമാനം വർധിപ്പിക്കുക എന്നത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും ഫേസ്ബുക്ക് കുറിപ്പ്

MVD kerala clarifies on 1000 crore circular
Author
First Published Mar 24, 2023, 11:25 AM IST

തിരുവനന്തപുരം:ആയിരം കോടി പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്താണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.  വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുകയെന്നതും നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. സര്‍ക്കുലര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകാറുണ്ട് . അത്തരത്തിൽ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി  കീഴിലുളള ഓഫീസിലേക്ക് അയച്ചു നൽകുക എന്നത് ഒരു ഭരണ നിർവ്വഹണ പ്രക്രിയ മാത്രമാണ് . അതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ്. നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർജറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല- കുറിപ്പില്‍ പറയുന്നു.

ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്‍റെ  വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ് . റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത് . റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാമെന്നും മോട്ടോര്‍ വാഹനവകുപ്പ്  വിശദീകരണത്തില്‍ പറയുന്നു.

 

നടപ്പ് സാമ്പത്തിക വർഷത്തിലെ 3 പാദങ്ങളുടെ (Quarter) അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നികുതി ബജറ്റ് കണക്കുകളെ അധികരിക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വാഹന വിപണിയിലുണ്ടായ വളർച്ച മൂലം സംസ്ഥാന സമ്പത്ത് ഘടനയുടെ വീണ്ടെടുപ്പിൻ്റെയും നികുതി സമാഹരണത്തിലെ മികവിൻ്റെയും സൂചനയാണിത്. മോട്ടോർ വാഹന നികുതി (tax on Vehicles or Road Tax) എന്ന് പറഞ്ഞാൽ വഴിയിൽ പിടിച്ച് നിർത്തി അടപ്പിക്കുന്ന പിഴയല്ല. മോട്ടോർ വാഹന നിയമ പ്രകാരം നൽകപ്പെടുന്ന നികുതിയാണത്. സാമ്പത്തിക വർഷമവസാനിക്കുന്നതിന് മുമ്പ് തന്നെ (ജനുവരിയിൽ തന്നെ) നികുതി ലക്ഷ്യം കൈവരിച്ച സാഹചര്യത്തിൽ പിന്നീടുള്ള 2 മാസത്തേക്ക് (ഫെബ്രുവരി, മാർച്ച്) നികുതി ടാർജറ്റ്‌ പുതുക്കേണ്ടത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. അത് റോഡിൽ തടഞ്ഞ് നിർത്തി പിഴ ചുമത്തുന്നതിനുള്ള ടാർജറ്റ് ഉയർത്തലല്ലെന്നും മോടട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

 

Follow Us:
Download App:
  • android
  • ios