പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ, മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ആശയവിനിമയം സാധ്യമാക്കാൻ പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി. ഇൻമാർസാറ്റുമായി സഹകരിച്ച് വികസിപ്പിച്ച ഈ ഫോൺ പ്രധാനമായും പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടുള്ളതാണ്. ഇത് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്.

ന്യൂഡൽഹി: മൊബൈൽ ടവറുകളോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിലും തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്നതിനായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ പുതിയ സാറ്റലൈറ്റ് ഫോൺ വിപണിയിലെത്തിച്ചു. 1,34,166 രൂപയാണ് ഈ അത്യാധുനിക ഉപകരണത്തിന്‍റെ വില. സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, പൂർണ്ണമായും ഉപഗ്രഹ സംവിധാനം വഴിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള സാറ്റലൈറ്റ് സേവനദാതാക്കളായ ഇൻമാർസാറ്റുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത്. ദുരന്തമുഖങ്ങളിലും മൊബൈൽ സിഗ്നലുകൾ തീരെ ലഭിക്കാത്ത കാടുകളിലും മലയോര മേഖലകളിലും കടലിലും ഒരുപോലെ വോയ്‌സ് കോളുകൾ ചെയ്യാൻ ഈ ഫോൺ സഹായിക്കും. രാജ്യത്തുടനീളം 99,000 ഫോർ ജി സൈറ്റുകൾ പ്രവർത്തനക്ഷമമാക്കിയതിന് തൊട്ടുപിന്നാലെയാണ് ബിഎസ്എൻഎല്ലിന്‍റെ ഈ പുതിയ ചുവടുവെപ്പ്.

പ്രധാന സവിശേഷതകൾ

ഉപഗ്രഹ കണക്റ്റിവിറ്റി: മൊബൈൽ ടവറുകൾ ഇല്ലാത്തയിടങ്ങളിലും ഉപഗ്രഹങ്ങൾ വഴി നേരിട്ട് വോയ്‌സ് കോളിംഗ് സൗകര്യം.

എസ്ഒഎസ് അടിയന്തര ബട്ടൺ: അപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെട്ടെന്ന് സഹായം അഭ്യർത്ഥിക്കാനുള്ള പ്രത്യേക ഫീച്ചർ.

ശക്തമായ ഡിസൈൻ: കഠിനമായ കാലാവസ്ഥയെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ശക്തമായ ഡിസൈൻ.

മികച്ച ബാറ്ററി ബാക്കപ്പ്: ചാർജ് തീർന്നുപോകുമെന്ന പേടിയില്ലാതെ ദീർഘനേരം സംസാരിക്കാൻ സഹായിക്കുന്ന വലിയ ബാറ്ററി.

ആർക്കൊക്കെ ഉപയോഗിക്കാം?

ഈ സാറ്റലൈറ്റ് ഫോൺ സാധാരണ ഉപയോക്താക്കൾക്ക് വേണ്ടിയുള്ളതല്ല. പ്രതിരോധം, ദുരന്തനിവാരണം, ഖനനം, വൻകിട വ്യാവസായിക മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കാണ് ഇത് ഏറ്റവും പ്രയോജനപ്പെടുക. കൂടാതെ വിദൂര പ്രദേശങ്ങളിലേക്ക് പോകുന്ന തീർഥാടകർക്കും സാഹസിക യാത്രികർക്കും ഇത് ഉപയോഗിക്കാം. എന്നാൽ, സാധാരണക്കാർക്ക് ഈ ഫോൺ നേരിട്ട് വിപണിയിൽ നിന്ന് വാങ്ങാൻ സാധിക്കില്ല. വ്യക്തിഗത ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുണ്ട്. ഈ ഫോൺ വാങ്ങുന്നതിനും കൈവശം വെക്കുന്നതിനും കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വെക്കുന്നത് ഇന്ത്യൻ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസുമായി ബന്ധപ്പെടുകയോ, 9768866652 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.