എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഇടപെടലോടെ വിഷ്ണുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്

കൊല്ലം: മ്യാന്മറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലായ വിഷ്ണുവിന്‍റെ കുടുംബത്തെ കണ്ട് എന്‍കെ പ്രേമചന്ദ്രൻ. മനുഷ്യക്കടത്ത് സംഘത്തിന്‍റെ കയ്യിൽ നിന്ന് താൻ രക്ഷപ്പെട്ടുവെന്നും സുരക്ഷിതനാണെന്നും വിഷ്ണു കുടുംബത്തെ അറിയിച്ചു. വിഷ്ണുവിന്‍റെ കുടുംബത്തെ എന്‍കെ പ്രേമചന്ദ്രൻ കണ്ടു. 

2024 ജൂലൈ മുതൽ ഇതുവരെ 840 ഇന്ത്യക്കാരെയാണ് തട്ടിപ്പ് സംഘത്തിൽ നിന്ന് കേന്ദ്ര സർക്കാർ മോചിപ്പിച്ചതെന്ന് എംപി പറഞ്ഞു. കൊല്ലം കുണ്ടറ സ്വദേശിയായ വിഷ്ണുവാണ് മനുഷ്യക്കടത്ത് സംഘത്തിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. മനുഷ്യക്കടത്ത് സംഘം ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നൽകിയതോടെ വിഷ്ണുവിനെ തായ്ലാൻഡിൽ ഉപേക്ഷിച്ചു.

തായ്ലാൻഡിൽ ആണ് നിലവിൽ ഉള്ളതെന്ന് വിഷ്ണു കുടുംബത്തെ അറിയിച്ചു. യാത്രാ രേഖകൾ ഇല്ലാത്തതിനാൽ അവിടെ പിടിയിലായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഇടപെടലോടെ വിഷ്ണുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

അഞ്ച് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരാണ് മ്യാൻമാറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലായത്. യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കമുള്ളവരെ സംഘം വലയിലാക്കിയത്. ബാങ്കോക്കിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് മ്യാൻമാറിലെ ഡോങ്മെയ് പാര്‍ക്കില്‍ എത്തിച്ചതെന്ന് വലയിൽ അകപ്പെട്ട കാസര്‍കോട് സ്വദേശി മഷൂദ് അലി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാണാനില്ലെന്നും മഷൂദ് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് വലയിലകപ്പെട്ടവരുടെ അഭ്യര്‍ത്ഥന. അഞ്ചു മലയാളികള്‍ അടക്കം 44 ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.സി വേണുഗോപാൽ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.