മൈലപ്ര സർവീസ് സഹകരണ ബാങ്കിന്‍റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട: പത്തനംതിട്ട മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാങ്കിന്‍റെ സഹോദര സ്ഥാപനത്തിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി ക്രമക്കേട് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. അതേസമയം, ബാങ്കിൽ നടന്ന കോടികളുടെ വായ്പ ക്രമക്കേടിൽ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അന്വേഷണം ഇഴയുകയാണ്.

മൈലപ്ര സർവീസ് സഹകരണ ബാങ്കിന്‍റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്തത്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം ഏറ്റെടുത്തത്. ഹൈക്കോടതി നി‍ർദേശം ഉണ്ടായിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ ജോഷ്വയെ പത്തനംതിട്ട അഞ്ചക്കാലയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജുവിന് ഇഡി കുരുക്ക് മുറുകുന്നു ; സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടങ്ങി

ബാങ്കിലെ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് 86 കോടിയുടെ മറ്റൊരു കേസ് കൂടിയുണ്ട്. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജോഷ്വാ മാത്യുവിനെ കൂടാതെ മുൻ ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മനും പ്രതിയാണ്. എന്നാൽ, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാതെ രാഷ്ട്രീയ സ്വാധീനത്തിൽ അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പാണ് മൈലപ്ര ബാങ്കിൽ നടന്നതെന്നും ഇഡി അന്വേഷണത്തിന് ശ്രമം തുടങ്ങിയതായും തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സഹകാരികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്