കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ബുധനാഴ്ച പരി​ഗണിക്കും. 

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് പ്രതിഭാഗം ജില്ലാ കോടതിയിൽ ജാമ്യഹർജി നൽകി. അപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേ സമയം, അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി പുറത്തുവന്നിരുന്നു. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് ഭാഷ്യം. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോ​ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തിരുന്നു. ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Asianet News Live | PV Anvar | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്