തിരുവനന്തപുരം: ആയിരം കോടിരൂപയുടെ ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ. വ്യവസായവകുപ്പിന് കീഴിൽ കരകൗശല വികസന കോർപ്പറേഷൻ എംഡി എൻ കെ മനോജിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് സർക്കാരിന്‍റെ സംരക്ഷണം. 

2015ൽ എൻ കെ മനോജ് കൃഷി വകുപ്പിന് കീഴിലെ കാംകോയുടെ മാനേജിംഗ് ഡയറക്ടറായിരിക്കെ അക്കൗണ്ട് ജനറലും സംസ്ഥാന ധനകാര്യപരിശോധനാ വിഭാഗവും കണ്ടെത്തിയത് വൻ ക്രമക്കേടായിരുന്നു. കൃഷി ഉപകരണങ്ങൾ വാങ്ങിച്ചതിൽ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് എജിയുടേയും ധനകാര്യപരിശോനാ വിഭാഗത്തിന്‍റെയും കണ്ടെത്തൽ. മുൻ സർക്കാരിന്‍റെ കാലത്ത് പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ വിജിലൻസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെ പിണറായി സർക്കാർ വന്നതോടെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ മനോജിനെ സ്ഥാനത്തുനിന്നും മാറ്റി. എന്നാൽ വൈകാതെ എൻ കെ മനോജിനെ വ്യവസായ വകുപ്പിന് കീഴിൽ കരകൗശല കോർപ്പറേഷന്‍റെ തലപ്പത്ത് നിയമിച്ചു. ഈ മാസം മൂന്നിന് മനോജിന്‍റെ കാലവാധി അവസാനിച്ചെങ്കിലും  ഒരു വർഷം കൂടി കാലാവധി നീട്ടാൻ തീരുമാനിച്ചു. 

നേരത്തെയുള്ള നിയമനം വിജിലൻസ് അനുമതിയോടെയാണെന്നും കാലാവധി നീട്ടാൻ വീണ്ടും അനുമതി തേടേണ്ടെന്നുമാണ് വ്യവസായമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. അഴിമതി കേസിൽ പ്രതിയായ കെ എൻ രതീഷിനെ കണ്‍സ്യൂമ‌ർ ഫെഡിന്‍റെ എം ഡിയാക്കാനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് അഴിമതികേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുന്നത്.