മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി എൻ കെ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും. നിവേദനം നൽകിയാൽ മാത്രം പോരെന്ന് കൊടിക്കുന്നിലിന്റെ സ്റ്റാഫ് പരിഹസിച്ചു. എന്നാൽ തൻ്റെ ഇടപെടലിന്‍റെ ഫലമെന്ന് പ്രേമചന്ദ്രൻ.

കൊല്ലം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശം ഉന്നയിച്ച എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ്. നിവേദനം നൽകിയാൽ മാത്രം പോരെന്നും ഫോളോ അപ്പ് വേണമെന്നുമാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ് അബ്ദുള്ള ആസാദിന്‍റെ പരിഹാസം. അതാണ് ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനമെന്നും അദ്ദേഹം പരിഹാസിച്ചു. വിസ്റ്റാഡോം കോച്ച് അനുവദിച്ചത് തൻ്റെ ഇടപെടലിലൂടെയാണെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എൻ കെ പ്രേമചന്ദ്രൻ എംപിയും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തൻ്റെ ഇടപെടലാണ് വിസ്റ്റാഡോം കോച്ച് യഥാർത്ഥ്യമാകാൻ കാരണമെന്നായിരുന്നു എൻ കെ പ്രേമചന്ദ്രൻ എംപിയുടെ എഫ്ബി പോസ്റ്റ്.

വിവാദത്തിനും തർക്കത്തിന് എൻ കെ പ്രേമചന്ദ്രൻ

വർഷങ്ങൾ നീണ്ട ഇടപെടൽ വിസ്റ്റാഡോം കോച്ച് കേരളത്തിൽ എത്തിക്കാൻ നടത്തിയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭാംഗം ആയ കാലം മുതൽ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് വിസ്റ്റാഡോം കോച്ച്. പലരും ഇതിൽ ഇടപെട്ടിട്ടുണ്ടാകും. അവകാശ വാദങ്ങളെ കുറിച്ചുള്ള ഒരു തർക്കത്തിനും ഇല്ലെന്നും താൻ നടത്തിയ നിർണായകമായ ഇടപെടലുകളാണ് വിസ്റ്റാഡോം കോച്ച് ലഭിക്കാൻ കാരണമെന്നും എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കൊടിക്കുന്നിൽ സുരേഷിൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദത്തിനും തർക്കത്തിനും ഇല്ലെന്നും അതിന് പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.