Asianet News MalayalamAsianet News Malayalam

നടക്കാവ് വെടിക്കെട്ടപകടം: കരയോഗം ഭാരവാഹികൾ കസ്റ്റഡിയിൽ, കരാറുകാർ ഒളിവിൽ

റോഡിൽ നിന്നും 15 മീറ്റർ മാത്രം അകലെയാണ് സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്. 100 മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചു. മുന്നൂറോളം അമിട്ടുകൾ പൊട്ടിയിട്ടുമില്ല.

Nadakkave fire tragedy contractors absconding
Author
Kochi, First Published Jan 30, 2020, 10:50 AM IST

കൊച്ചി: തൃപ്പുണിത്തുറ നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പട്ട് കിഴക്കേകര കരയോഗം ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരെയാണ് ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെടിക്കെട്ട് നടത്തിയ കരാറുകാർ ഒളിവിലാണ്. ചാലക്കുടിയിലെ സ്റ്റീഫൻ ഫയർ വർക്സാണ് വെടിക്കെട്ട് നടത്തിയത്.

അതേസമയം, ക്ഷേത്രത്തില്‍ സ്‌ഫോടക വസ്തു വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്ഫോടകവസ്തു വിഭാഗം അറിയിച്ചു. റോഡിൽ നിന്നും 15 മീറ്റർ മാത്രം അകലെയാണ് സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്. 100 മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചു. മുന്നൂറോളം അമിട്ടുകൾ പൊട്ടിയിട്ടുമില്ല. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികൾക്കും വെടിക്കെട്ടിന് കരാറെടുത്തവർക്കുമെതിരെ ഉദയംപേരൂർ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് തൃപ്പൂണിത്തുറക്കടുത്ത് നടക്കാവ് നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അപകടം ഉണ്ടായത്. താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് എട്ടേമുക്കാലിനു നടന്ന വെടിക്കെട്ടിൽ ആയിരുന്നു അപകടം. വെടിക്കെട്ടിനിടെ അമിട്ടുകളിലൊന്ന് ചരിഞ്ഞ് ആളുകളിൽ നിൽക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് അപകടത്തിന് കാരണം. 150 മീറ്ററോളം ദൂരത്തേക്ക് വെടിരുന്ന് നിറച്ച കുറ്റി തെറിച്ചു വന്നു. അപകടത്തില്‍ പതിനേഴ് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ എട്ട് പേർ സ്ത്രീകളാണ്. കാലിലും കയ്യിലും കമ്പി അടക്കമുള്ള സാധനങ്ങൾ തുളഞ്ഞു കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. ചിലർക്ക് പൊള്ളലുമേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഉദയംപേരൂർ സ്വദേശി വിമലയ്ക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. 

തെറിച്ചു വീണ കുറ്റികളിൽ വെടിമരുന്ന് ഉള്ളതിനാൽ സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. വെടിക്കെട്ട് നടത്തിയവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. അമിട്ടുകൾ നിലത്ത് ഉറപ്പിക്കാതിരുന്നതാണ് ഇവ മറിഞ്ഞു വീഴാൻ കാരണമായത്.  അപകടം നടന്നയുടൻ വെടിക്കെട്ട് നടത്തിയവർ കടന്നു കളഞ്ഞു. നടക്കാവ്, മരട്, പുതിയകാവ് എന്നിവിടങ്ങളിൽ അനുവദിക്കുന്നതിനേക്കാൾ കൂടുതൽ വെടിരുന്നു ഉപയോഗിക്കുന്നതായി പരാതി നിലനിൽക്കുന്ന സ്ഥലമാണ്. സഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അപടകത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചു.

Follow Us:
Download App:
  • android
  • ios