നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎല്‍എ
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎല്‍എ. ആരോഗ്യ ദൃഢഗാത്രരായ ആളുകൾക്കു മാത്രമുള്ളതാണോ നിയമസഭയെന്നും ഇഎംഎസും വിഎസും ഇരുന്ന കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത് ? പുതുതായി നിയമസഭയിലേക്ക് എടുക്കുന്നവരുടെ അളവു കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നുമാണ് നജീബ് കാന്തപുരത്തിന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് നജീബ് കാന്തപുരം പിണറായിയെ വിമര്‍ശിച്ചത്.
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ചാരുന്നു മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്.. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ അംഗം ആക്രമിക്കാൻ പോവുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച ശേശമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണ്. അരോഗ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ ? ഇ.എം.എസും , വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്? പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയൻ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. ബഹു: മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണം.



