Asianet News MalayalamAsianet News Malayalam

'വാരിക്കുഴികൾക്കപ്പുറം സത്യം ജയിക്കും'; കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വൻ ഗൂഡാലോചനയെന്ന് നജീബ് കാന്തപുരം. എംഎൽഎ വാരിക്കുഴികൾക്കപ്പുറം സത്യം വിജയിക്കും. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണ്‌. 

Najeeb Kanthapuram says there is a conspiracy going on against Kunhalikutty
Author
Kerala, First Published Aug 5, 2021, 10:24 PM IST

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വൻ ഗൂഡാലോചനയെന്ന് നജീബ് കാന്തപുരം. എംഎൽഎ വാരിക്കുഴികൾക്കപ്പുറം സത്യം വിജയിക്കും. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണ്‌. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത്‌ സാധാരണക്കാർക്ക്‌ വേണ്ടി തുറന്ന് വെച്ച വാതിലാണ്‌. ആരും വിമർശനത്തിന്‌ അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ്‌ മുറിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നജീബ് കാന്തുപുരത്തിന്റെ കുറിപ്പിങ്ങനെ...

വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്‌. ആ സത്യം മാത്രമെ ജയിക്കൂ.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത്‌ വൻ ഗൂഢാലോചനയാണ്‌. എന്നും പ്രവർത്തകർക്ക്‌ ആശ്രയമായി നിന്ന നേതാവാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബ്‌. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണ്‌. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത്‌ സാധാരണക്കാർക്ക്‌ വേണ്ടി തുറന്ന് വെച്ച വാതിലാണ്‌. ആരും വിമർശനത്തിന്‌ അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയും ചെയ്യരുത്‌.

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുയിന്‍ അലി തങ്ങള്‍ ഇന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ടിരുന്നു. ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കു‌ഞ്ഞാലിക്കുട്ടിയാണെന്ന് മുയിൻ അലി പറഞ്ഞു. 

തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുതിയ വിവാദങ്ങളോടെ മാനസിക സമ്മർദ്ദം കൂടി ആകെ തകർന്ന നിലയിലാണെന്നും മുയിൻ അലി ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‍മെന്‍റ് ഡയറക്ടറേറ്റ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്‍റെ അഭിഭാഷക സംഘടനാ പ്രസിഡന്‍റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്. 

ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം  പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദികരിക്കവെയാണ് മുയിന്‍ അലി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്‍റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു‍ഞ്ഞാലിക്കുട്ടിയാണ്. സ്വഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി പറഞ്ഞു.

ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടല്‍കാടാണെന്നും മുയിന്‍ അലി പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുയിന്‍ അലി പറഞ്ഞതിനു പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് അസഭ്യവര്‍ഷവുമായി കയറിവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയായിരുന്നു റാഫിയുടെ പ്രതിഷേധം.

2004ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസിനു പിന്നാലെ ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി . കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഇന്ത്യാവിഷന്‍ ഓഫീസിനെതിരായ ആക്രമണം. ചന്ദ്രിക ദിനപത്രത്തിലൂടെ വികെ. ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചുവെന്നും ഇന്ന് കെടി.ജലീൽ ആരോപിച്ചിരുന്നു. 

നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കാണെന്നും നിരപരാധിയായ പാണക്കാട് ഹൈദരാലി തങ്ങൾക്ക് അയച്ച നോട്ടീസ് പിൻവലിക്കണമെന്നും ജലീൽ പറഞ്ഞു.കുഞ്ഞാലിക്കുട്ടി ഹൈദരാലി തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുകയാണെന്നും കെ.ടി.ജലീൽ ആരോപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios